യുവാക്കള്‍ വനത്തില്‍ കുടുങ്ങിയിട്ട് രണ്ടു ദിവസം; കാടറിയുന്നവര്‍ തിരഞ്ഞിട്ടും കാണാനില്ല

തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം മനോഹരമാണ്. നാലു കിലോമീറ്ററോളം വനത്തിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികെ എത്താന്‍. ദിവസവും നിരവധി വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടം കാണാന്‍ വരും. പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍. ചാവക്കാട് തിരുവത്ര സ്വദേശി ഉണ്ണികൃഷ്ണന്‍ (26), വടക്കേക്കാട് സ്വദേശി സിറിള്‍(24) എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച മരോട്ടിച്ചാല്‍ വനത്തില്‍ എത്തി. ഉണ്ണികൃഷ്ണന്‍ ഈയിടെ വാങ്ങിയ പുതിയ സ്കൂട്ടറിലാണ് ഇവര്‍ എത്തിയത്. ചീരക്കുണ്ടില്‍ വഴിയരികില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം ഇരുവരും വെള്ളച്ചാട്ടം കാണാന്‍ പോയി. രാത്രി വൈകിയാല്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങുമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഞായറാഴ്ച രാത്രി ഇവര്‍ വീട്ടിലേക്കു വിളിച്ചിട്ടില്ല. തിങ്കളാഴ്ച നട്ടുച്ചയ്ക്കു ഇവര്‍ ബന്ധുവിനെ വിളിച്ചു. ''ഞങ്ങള്‍ വനത്തിനകത്ത് പെട്ടു. വഴി തെറ്റിയതാണ്. പുറത്തേയ്ക്കു പോകാന്‍ വഴി മനസിലാകുന്നില്ല. ആരെയെങ്കിലും ഉടനെ അറിയിക്കണം. ഒരു ശതമാനം മാത്രമാണ് ഫോണില്‍ ചാര്‍ജ്. എപ്പോള്‍ വേണമെങ്കിലും ഓഫാകാം''. ബന്ധു ഉടനെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് സംസാരിച്ചു കൊണ്ടിരിക്കെ ഫോണ്‍ ഓഫായി. 

അകപ്പെട്ടത് കൊടുംവനത്തില്‍ 

കാട്ടാനകള്‍ നിരവധിയുണ്ട് ഈ കാട്ടില്‍. പോരാത്തതിന് പുലികളും. ഇഞ്ചപ്പാറ, തോമസ് പാറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു പാറക്കൂട്ടമുണ്ട് വനത്തിനുള്ളില്‍. ഉണ്ണികൃഷ്ണനും സിറിളും പാറക്കൂട്ടത്തിനു മുകളില്‍ ആണെന്നാണ് ഫോണില്‍ പറഞ്ഞത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മൂന്നാം ദിവസവും വനത്തില്‍ അകപ്പെട്ടതോടെ ഭക്ഷണം കിട്ടാതെ ഇവര്‍ തളര്‍ന്നിരിക്കാം. വെള്ളം കുടിച്ചു മാത്രം എത്ര നേരം ഇവര്‍ പിടിച്ചുനില്‍ക്കുമെന്നാണ് വനംപാലകര്‍ കണക്കുകൂട്ടുന്നത്. 

കിഴക്കുഭാഗം

മരോട്ടിച്ചാല്‍ വനത്തിന്റെ കിഴക്കുഭാഗം പതിനാറു കിലോമീറ്റര്‍ ഡാമിന്റെ റിസര്‍വോയറാണ്. കുതിരാന്‍ മുതല്‍ വാഴാനി വരെ പരന്നു കിടക്കുന്ന റിസര്‍വോയര്‍. ഇതിനിടയില്‍ ചെറിയ ഭാഗത്തു വെള്ളമില്ല. ഇതിലൂടെ നടന്നുപോയാല്‍ പറമ്പിക്കുളത്ത് എത്താം. പക്ഷേ, ഈ ഭാഗത്തേയ്ക്ക് എത്തണമെങ്കില്‍ നാല്‍പത്തിയഞ്ചു ഡിഗ്രി വരെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നാണ്. നടന്നു കയറാന്‍ ഏറെ പ്രായസമുള്ള ഭാഗം. മരോട്ടിച്ചാല്‍ വനത്തിന്റെ പടിഞ്ഞാറു ഭാഗം റോഡാണ്. വടക്ക് ദേശീയപാതയും. തെക്ക് അതിരപ്പിള്ളി വനമാണ്. അതിരപ്പിള്ളി വനത്തിലേക്ക് എത്തണമെങ്കില്‍ മൂന്നു ടാര്‍ റോഡുകള്‍ കുറുകെ കടക്കണം. ഇങ്ങനെ, ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ പഠിച്ചാണ് തിരച്ചില്‍. 

നാട് കാത്തിരിക്കുന്നു

മൂന്നു ദിവസം കാടിനകത്ത് വെള്ളം മാത്രം കഴിച്ച് ഇരുവരും കഴിയേണ്ടതുണ്ട്. രാത്രികാലങ്ങളില്‍ കൊടുംതണുപ്പ്. പോരാത്തതിന് കാട്ടാനകളുടെ വിഹാര കേന്ദ്രം. പുലികളെ നിരന്തരമായി കാണുന്ന പ്രദേശം. നായാട്ടുകാര്‍ പോലും പോകാന്‍ പേടിക്കുന്ന കൊടുംവനമാണ് മുകളിലോട്ട് പോകുംതോറും. നാട്ടുകാരും വനപാലകരും പൊലീസും അടങ്ങുന്ന അറുപതും പേരാണ് കാട് മുഴുവന്‍ അരിച്ചുപെറുക്കിയത്. എവിടേയും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു യുവാക്കളുടേയും ജന്‍മനാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുവരുടേയും മടങ്ങിവരവിനായി. സ്വന്തം നാട്ടില്‍ നിന്ന് നിരവധി പേര്‍ മരോട്ടിച്ചാല്‍ തമ്പടിക്കുന്നുമുണ്ട്.