നെഹ്റു കുടുംബത്തിലെ സ്ത്രീകളെ ആക്ഷേപിച്ച കോടിയേരിക്കെതിരെ കോണ്‍ഗ്രസ്

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരെ ‌മോശം പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ്. കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്താവനയെ വിമര്‍ശിച്ചു.  കേസെടുക്കണമെന്ന്  ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ വനിത കമ്മീഷനെ സമീപിച്ചു. 

വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റ വിവാദമായ പ്രസംഗം. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനിന്ന് പോകുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെതിയാണ് രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നത്. ചരിത്രബോധവും സംസ്കാരവും ഇല്ലാത്തയാളാണ് കോടിയേരി ബാലകൃഷ്ണനെന്നായിരുന്നു കെ.പി.സി.സി പ്രസിഡ‍ന്റ് എം.എം ഹസന്റ പ്രതികരണം. 

അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലായ കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ അന്തസിന്  ചേര്‍ന്നതല്ലെന്നായിരുന്നു   മുല്ലപ്പള്ളി രാമചന്ദ്രന്റ വിമര്‍ശനം. മാതൃത്വത്തെ അപമാനിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ്അനില്‍ അക്കര വനിതകമ്മീഷന് നല്‍കിയ പരാതിയിലെ ആവശ്യം.