തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ പൊരിഞ്ഞ അടി

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ പൊരിഞ്ഞ അടി. ബി.ജെ.പി കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചതോടെ മേയർ വി.കെ. പ്രശാന്തിന് പരുക്കേറ്റു. വനിതകളടക്കം മൂന്ന് ബി.ജെ.പി കൗൺസിലർമാരും ആശുപത്രിയിലായി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള പ്രമേയം അവതരിപ്പിക്കുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

നാണംകെട്ട കാഴ്ചയാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം കോർപ്പറേഷനിൽ അരങ്ങേറിയത്. സി.പി.എം ഭരണസമിതിയുടെ രണ്ടാംവാർഷിക ദിനത്തിന്റെ ഭാഗമായുള്ള കൗൺസിൽ യോഗത്തിലാണ് അടിപൊട്ടിയത്. ബി.ജെ.പികൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാൻ മേയർ അനുവദിച്ചിരുന്നില്ല. കൗൺസിൽ യോഗം പൂർത്തിയാക്കി മേയർ സ്വന്തം മുറിയിലേക്ക് പോകാനിറങ്ങിയതോടെ പ്രതിപക്ഷനേതാവ് വി.ജി. ഗിരിയുടെ നേതൃത്വത്തിലെ ബി.ജെ.പി അംഗങ്ങൾ തടഞ്ഞു. എതിർക്കാൻ സി.പി.എം അംഗങ്ങളുമെത്തിയതോടെ ഉന്തുംതള്ളുമായി. മേയറെ കാലിൽ പിടിച്ച് വലിച്ച് നിലത്തിട്ടു. 

കാലിനും മുഖത്തും പരുക്കേറ്റ വി.കെ. പ്രശാന്തിനെയും മറ്റൊരു വനിത കൗൺസിലറെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാത്തതിൽ പരാതി പറയാനെത്തിയ പ്രതിപക്ഷനേതാവിനെ മേയർ തള്ളിയിട്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം. വി.ജി.ഗിരികുമാറിന് പുറമെ ലക്ഷമി, ബെൻസി എന്നീ ബി.ജെ.പി കൗൺസിലർമാരും ആശുപത്രിയിലാണ്.