ലാവലിന്‍ കേസ്; ഹൈക്കോടതി വിധിക്കെതിരായ സിബിഐ അപ്പീല്‍ വൈകും

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീല്‍ വൈകും. ഈമാസം 21നകം അപ്പീല്‍ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സിബിഐ മലക്കം മറിഞ്ഞു. നിയമ പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാപ്പ് അപേക്ഷയോടെ അപ്പീല്‍ നല്‍കാനാണ് തീരുമാനം. 

ലാവലിനില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിതബന്ധവമുണ്ടെന്ന കോണ്‍ഗ്രസ് ആക്ഷേപം ഒരുവശത്ത് നില്‍ക്കുമ്പോഴാണ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സമയത്ത് സമര്‍പ്പിക്കാതെ സിബിഐയുടെ ഒളിച്ചു കളി. ഹര്‍ജി വൈകുന്നതിന്റെ കാരണം കൂടി വിശദീകരിച്ച് ഒരുമാപ്പപേക്ഷയും ചേര്‍ത്ത് അപ്പീല്‍ നല്‍കാനാണ് സിബിഐ നീക്കം..ഒാഗസ്റ്റ് 23നായിരുന്നു പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുന്നതും ആര്‍ ശിവദാസനും കസ്തൂരിരംഗ അയ്യരും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥക്കെതിരെ വീണ്ടും വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടത്. ചട്ടമനുസരിച്ച് ഈ മാസം 21നകം അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്. 90 ദിവസത്തിനകം അപ്പീല്‍ നല്‍കുമെന്ന് നേരത്തെ സിബിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്ന് അപ്പീല്‍ നല്‍കുന്നത് വൈകുെമന്നാണ് വിവരം. അപ്പീല്‍ വൈകുന്നത് ജാഗ്രതക്കുറവ് മൂലമാണെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. 

ലാവലിന്‍ വിഷയത്തില്‍ സിപിഎം ബിജെപി രഹസ്യബാന്ധവമുണ്ടെന്ന വാദം നിലനില്‍ക്കുന്നെന്ന് തെളിഞ്ഞതായി വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു 

നേരത്തെ സിബിഐകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിലും സിബിഐ മെല്ലപ്പോക്കിലായിരുന്നു. ക്രൈംവാരിക എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ റിവിഷന്‍ ഹര്‍ജിയായിരുന്നു ആദ്യമെത്തിയത്. അന്ന് ആരോപണങ്ങള്‍ സിബിഐയ്ക്കെതിര ഉയര്‍ന്നപ്പോള്‍ നിശ്ചിത സമയപരിധി പൂര്‍ത്തിയാകാന്‍ രണ്ടുദിവസം മുമ്പ് റിവിഷന്‍ ഹര്‍ജി നല്‍കി സിബിഐ തലയൂരുകയായിരുന്നു