മകനെ മർദിച്ച സംഭവം; നിരാഹാര സമരം തുടരാൻ തീരുമാനം

മകനെ മർദിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.ഐയ്ക്കെതിരെ ദലിത് കുടുംബം നടത്തുന്ന നിരാഹാര സമരം തുടരാൻ തീരുമാനം. നിരാഹാരമിരുന്നിരുന്ന കുട്ടിയുടെ അമ്മയെ കഴിഞ്ഞ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റൊരംഗം സമരവുമായി രംഗത്ത് എത്തിയത്. പൊലീസ് കമ്മിഷണർ വിളിച്ച ചർച്ച കുട്ടിയുടെ കുടുംബവും സമര സമിതിയും ബഹിഷ്കരിച്ചു.

കമ്മീഷണർ നേരിട്ട് ചർച്ചയ്ക്ക് വിളിച്ചിരിക്കെയുണ്ടായ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നാണ് സമര സമിതിയുടെ നിലപാട്. മർദനമേറ്റ കുട്ടിയുടെ ബന്ധുവായ സ്ത്രീ ഇന്നു തന്നെ നിരാഹാരം ആരംഭിക്കും. കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരം ഇരുന്ന കുട്ടിയുടെ മാതാവ് സരോജിനിയെ ഇന്നലെ അർധ രാത്രി പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലാക്കിയിരുന്നു. ആരോഗ്യ നില വഷളായെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പൊലീസ് മർദനമേറ്റ സരോജിനിയുടെ മറ്റൊരു മകനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞ ഇരുപത്തിയാറ് എരഞ്ഞിപ്പാലം പാസ്പോര്ട്ടിന് സമീപമുള്ള വനിത ഹോസ്റ്റലിൽ മെഡിക്കൽ കോളേജ് എസ്.ഐ അർദ്ധ രാത്രിയിൽ എത്തിയത് സരോജിനിയും കുടുംബവും ചോദ്യം ചെയ്തതാണ് കേസിനാധാരം. പ്രകോപിതനായ എസ്.ഐ സരോജിനിയുടെ പതിനാറുകാരനായ മകനെ മർദിക്കുകയായിരുന്നു.

MORE IN KERALA