കോടതിമുറിയില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞ് അമ്മ; കൊലപാതക ശ്രമത്തിന് കേസ്

സ്വന്തം കുഞ്ഞിനെ കോടതിമുറിയില്‍ എറിഞ്ഞ അമ്മക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് വിചാരണ കോടതി. ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഭാരതി പട്ടേല്‍ എന്ന സ്ത്രീ സ്വന്തം കു‍ഞ്ഞിനെ നിലത്തേക്ക് എറിഞ്ഞത്. കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനെ നേരിട്ട് ഹാജരാക്കണമെന്ന് ഭാരതി പട്ടേല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജയിലിലായിരുന്ന ഭര്‍ത്താവ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്നും പണം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സമയം നല്‍കണമെന്നും കോടതി പറഞ്ഞു. ഇതുകേട്ടതും ഭാരതി പട്ടേല്‍ ബഹളം വെക്കുകയും കയ്യിലിരുന്ന ഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തേക്ക് ഇടുകയുമായിരുന്നു. കുഞ്ഞിന് നേരെ ഭാരതി പേപ്പര്‍ വെയ്റ്റ് എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു.  പ്രിസൈഡിങ് ഓഫീസര്‍ കുഞ്ഞിനെ എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാരതി പട്ടേല്‍ അനുസരിക്കാന്‍ തയാറാവുകയോ കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്​തില്ല. തുടര്‍ന്ന് യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കോടതി കേസെടുക്കുകയായിരുന്നു. 

കോടതി വിധിക്കെതിരെ ഭാരതി പട്ടേല്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കുഞ്ഞിനെ നിലത്തേക്ക് എറിയുന്നത് കൊലപാതക ശ്രമത്തിന് തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. സാഹചര്യം പരിശോധിക്കുമ്പോള്‍ കേസ് വ്യാജമാണെന്ന് പറയാനാവില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനുള്ള ഭാരതി പട്ടേലിന്‍റെ ഹര്‍ജി തള്ളുകയും ചെയ്​തു. 

case of attempted murder against the mother