ഫ്യൂസൂരാന്‍ ഒരുങ്ങി ഉദ്യോഗസ്ഥര്‍; അടിച്ചോടിച്ച് അമ്മയും മകളും

ഫ്യൂസൂരാന്‍ വന്ന ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥരെ അക്രമിച്ച് കുടുംബം. മധ്യ പ്രദേശിലെ രാജ്​ഗര്‍ ജില്ലയിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാനൊരുങ്ങിയ ഉദ്യോഗസ്ഥനേയും ജൂനിയര്‍ എഞ്ചിനിയറെയും അമ്മയും മകളും വടി കൊണ്ട് അടിച്ചോടിച്ചത്. ജമീല ഖാട്ടൂണും മകള്‍ ടീനയും മരുകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്ലടക്കാത്തതിനാലാണ് തങ്ങള്‍ ഫ്യൂസൂരാന്‍ പോയത്. ഈ സമയം ജമീലയും മകളും വടി കൊണ്ട് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

ജനുവരി 29ന് ജമീല വൈദ്യുതി മോഷ്​ടിച്ചുവെന്നാരോപിച്ച വിജിലൻസ് സംഘം 98,207 രൂപ റിക്കവറി തുക അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ 40,000 രൂപ അടച്ചെങ്കിലും ബാക്കി തുകയും നൽകിയിരുന്നില്ല. ബാക്കിയുള്ള 58,207 തുക അടക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആയിരുന്നു. സമയപരിധിക്കുള്ളിൽ ബാക്കി തുക നിക്ഷേപിക്കാത്തതിനെ തുടർന്നാണ് ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Family attacked Electricity Department officials