ആറു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു; 19 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം; വില്ലനായി മഴ

മധ്യപ്രദേശിലെ റേവ ജില്ലയില്‍ ആറു വയസ്സുകാരന്‍ കുഴല്‍ കിണറില്‍ വീണു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടി കിണറില്‍ വീണത്. സമീപത്തെ ഗോതമ്പ് പാടത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറുവയസ്സുകാരനായ മയൂര്‍ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണത്. മറ്റ് കുട്ടികള്‍ മയൂറിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.

സ്ഥലത്ത് പൊലീസും ദുരന്തനിവാരണസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. എഴുപത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ നാല്‍പ്പത് അടിയോളം താഴ്ചയിലാണ് നിലവില്‍ കുട്ടിയുള്ളതെന്ന് എ.എസ്.പി അനില്‍ സോങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വിവരം ലഭിച്ചയുടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാണെന്നും എ.എസ്.പി അറിയിച്ചു. രണ്ട് ജെ.സി.ബികളും ക്യാമറ ടീമും സഹായത്തിനായുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അപ്രതീക്ഷിതമായെത്തിയ മഴ പ്രതികൂല സാഹചര്യമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍. കുട്ടിക്ക് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. കിണറിനകത്തേക്ക് സി.സി.ടി.വി ക്യാമറ ഇറക്കിയെങ്കിലും കുട്ടിയെ നിരീക്ഷിക്കുന്നതില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയും സമാനസംഭവം കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഴല്‍ കിണറില്‍ വീണ രണ്ടു വയസ്സുകാരനെ 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. 

Six years old boy falls into 70 feet borewell; Rescue operations are underway.