വധുവിനെ കടത്താന്‍ ശ്രമിച്ച് അമ്മയും ബന്ധുക്കളും; തടഞ്ഞവര്‍ക്കു നേരെ മുളകുപൊടി പ്രയോഗം

വിവാഹത്തിനിടെ വധുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച് വധുവിന്‍റെ കുടുംബം. ത‌ടുത്തവരെ മുളകുപൊടി എറിഞ്ഞ് നേരിട്ടു. ഒടുക്കം വരന്‍റെ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വധുവിനെ രക്ഷപ്പെടുത്തി. ‌ആന്ധ്രപ്രദേശിലെ ഗോദാവരിയിലാണ് അതിനാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വധുവിന്‍റെ അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റംചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

വെറ്ററിനറി സയന്‍സസ് ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് ഗംഗാവരം സ്നേഹയും ഭാട്ടിന വെങ്കട്ടനന്തുവും തമ്മില്‍ പരിചയപ്പെടുന്നതും ഇഷ്ടത്തിലായതും. ഏപ്രില്‍ 13ന് ഇരുവരും വിജയവാഡയിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായി. ഇവിടെ നിന്നും ഇരുവരും വെങ്കട്ടനന്തുവിന്‍റെ വീട്ടിലേക്കാണ് പോയത്. ഇരുവരും വിവാഹിതരായ വിവരം അറിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്നവര്‍ ഏപ്രില്‍ 21ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഒരു ചടങ്ങും സത്കാരവും നടത്താമെന്ന് തീരുമാനിച്ചു. സ്നേഹയു‌ടെ വീട്ടുകാരെയും വിവരം ധരിപ്പിച്ചു. 

വിവാഹച്ചടങ്ങിനി‌ടെയാണ് സ്നേഹയുടെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമെത്തി മുളകുപൊടി എറിഞ്ഞ് മറ്റുള്ളവരെ ആക്രമിച്ചത്. സ്നേഹയുമായി സ്ഥലത്തുനിന്നും കടക്കാന്‍ ശ്രമിച്ചവരെ വെങ്കട്ടനന്തുവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ വെങ്കട്ടനന്തുവിന്‍റെ ഒരു ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. ‌‌ഇയാള്‍ നിലവില്‍ ചികിത്സയിലാണ്. എന്തിനാണ് സ്നേഹയുടെ വീട്ടുകാര്‍ അക്രമം നടത്തിയതെന്തോ, വിവാഹത്തിന് സമ്മതമല്ലെങ്കില്‍ അതിന് കാരണമെന്തായിരുന്നുവെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം നടന്നുവരികയാണ്.

Family tries to kidnap bride; Attacks guests with chilli powder.