'മിശ്രവിവാഹത്തിന്‍റെ പേരിലുള്ള ഗോസിപ്പുകള്‍ തന്നെയും കുടുംബത്തെയും ബാധിച്ചു'; പ്രിയാമണി

മുസ്തഫ രാജുമായുള്ള തൻ്റെ മിശ്രവിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയാമണി. ആ സമയത്ത് താന്‍ നേരിട്ട വിവാദങ്ങളും ഗോസിപ്പുകളും തന്നെയും കുടുംബത്തേയും ബാധിച്ചിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 'എന്നെ മാത്രമല്ല, എന്‍റെ കുടുംബത്തെയും വിവാദങ്ങള്‍ ബാധിച്ചിരുന്നു. പ്രത്യേകിച്ച് എന്‍റെ അച്ഛനെയും അമ്മയെയും, എന്നാല്‍ എന്‍റെ ഭര്‍ത്താവ് ആ സമയത്ത് എന്നോടൊപ്പം ഉറച്ചുനിന്നു. എന്ത് സംഭവിച്ചാലും താന്‍ കൂടെയുണ്ടാകുമെന്നും അതിനെ ഒന്നിച്ച് നേരിടുമെന്നുമാണ് മുസ്തഫ പറ‍ഞ്ഞത്'. 

'ഞങ്ങള്‍ കണ്ടുമുട്ടിയ സമയത്ത് ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ആ സമയത്ത് എനിക്കൊപ്പം നില്‍ക്കൂ, എന്നെ വിശ്വസിക്കു എന്നാണ് മുസ്തഫ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോടും ഇതു തന്നെയാണ് പറഞ്ഞത്. കാരണം ഞങ്ങള്‍ ഒന്നിച്ചൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. പലപ്രതിസന്ധികളും നേരിടേണ്ടി വരും. ആ സമയത്തൊക്കെ ഞങ്ങള്‍ ഒന്നിച്ചുതന്നെ അതിനെ നേരിടണം. മുസ്തഫയെ പോലൊരു പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്'– പ്രിയാമണി. 

'ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ആ സമയത്ത് ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ല. മുസ്തഫക്കൊപ്പം ബാംഗ്ലൂരിലായിരുന്നു. പക്ഷേ ഗോസിപ്പുകളൊക്കെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ മാതാപിതാക്കള്‍ അതുകൊണ്ട് വിഷമിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ അവരോട് പറഞ്ഞത് മറ്റുള്ളവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത് കേട്ട് വിഷമിക്കരുത്, അത് ഞങ്ങള്‍ കൈകാര്യം ചെയ്തോളം എന്നായിരുന്നു.നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും എപ്പോളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നുമായിരുന്നു. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവും മുന്നോട്ടുള്ള ജീവിത്തില്‍ ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു'.  

ദേശീയ അവാർഡ് നേടിയിട്ടും സൗത്ത് ഇൻഡസ്ട്രിയിലെ എ-ലിസ്റ്റ് താരങ്ങൾക്കൊപ്പം അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചേദ്യത്തിന് തന്നെ അവര്‍ക്കൊപ്പം കാസ്റ്റ് ചെയ്യാത്തതെന്ന് താനും ചിന്തിച്ചിട്ടുണ്ടെന്നും ആ ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും ഇത് സംവിധായകരോടും നിർമ്മാതാക്കളോടും ചോദിക്കണമെന്നും താരം പറഞ്ഞു. എന്നാല്‍ പല  താരങ്ങളും എനിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. 

'Gossip about intermarriage affected the family'; Priyamani