ആദ്യം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാകൂ; വിവാഹം പിന്നീടാവാം; സീനത് അമന്‍

എടുത്തുചാടി വിവാഹം കഴിക്കാതെ ആദ്യം ലിവ്–ഇന്‍– റിലേഷന്‍ഷിപ്പായി തുടങ്ങണമെന്ന് പുതിയ തലമുറയെ ഉപദേശിച്ച് ബോളിവുഡ് താരം സീനത് അമന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് താരം ബന്ധങ്ങളെ കുറിച്ചുള്ള തന്‍റെ നിലപാട് പങ്കുവച്ചത്. രണ്ടു വ്യക്തികള്‍ തമ്മില്‍ ഒത്തുപോകാന്‍ പറ്റുമോ, പാരസ്പര്യമുണ്ടോ എന്നൊക്കെ അറിഞ്ഞ് മനസിലാക്കിയ ശേഷം മാത്രം വിവാഹമെന്ന ചടങ്ങിലേക്ക് കടക്കുകയാവും നല്ലെതന്നാണ് തന്‍റെ അഭിപ്രായമെന്നും താരം പറയുന്നു. തന്‍റെ മക്കളോടും താന്‍ അത് തന്നെയാണ് ആവശ്യപ്പെട്ടതെന്നും അവര്‍ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി. 

കഴിഞ്ഞ പോസ്റ്റില്‍ റിലേഷന്‍ഷിപ്പ് ഉപദേശം ചോദിച്ചവരോടുള്ള മറുപടിയാണെന്ന് പറഞ്ഞാണ് പോസ്റ്റ്. ഒരമ്മ എന്ന നിലയില്‍ തന്‍റെ ജീവിതവും കാഴ്ചപ്പാടുകളും എന്താണെന്നും തന്‍റെ മക്കളെ ലിവ് ഇന്‍ ബന്ധത്തിന് താന്‍ പ്രേരിപ്പിച്ചതിനെ കുറിച്ചുമെല്ലാം സീനത് വിശദമായി എഴുതിയിട്ടുണ്ട്. 

'ചില മണിക്കൂറുകള്‍ മറ്റൊരാള്‍ക്കൊപ്പം ഏറ്റവും മികച്ച വ്യക്തിയായിരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചേക്കും. എന്നാല്‍ ഒരേ ശുചിമുറി ഉപയോഗിക്കാന്‍ പറ്റുമോ? മോശം മാനസികാവസ്ഥയില്‍ മറ്റേയാളെ കൂടി ഉള്‍ക്കൊള്ളാനാകുമോ? ഓരോ രാത്രിയിലും അത്താഴത്തിന് എന്ത് വേണമെന്നതില്‍ യോജിപ്പിലെത്താന്‍ കഴിയുമോ, കിടപ്പറയില്‍ സന്തോഷം നിലനിര്‍ത്താന്‍ കഴിയുമോ? ഒന്നിച്ച് ജീവിക്കുമ്പോഴുണ്ടാകുന്ന അസംഖ്യം വഴക്കുകളെ, അഭിപ്രായ ഭിന്നതകളെ സ്നേഹം കൊണ്ട് മറികടക്കാനാകുമോ? ഇതൊക്കെയാണ് അറിയേണ്ടത്'. ഇന്ത്യന്‍ സമൂഹം ഇങ്ങനെയൊന്നുമല്ലെന്ന് എനിക്കറിയാമെന്നും അവര്‍ കുറിച്ചു. നിരവധിപ്പേരാണ് സീനത്തിന്‍റെ കുറിപ്പിനെ അഭിനന്ദിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. 

 Zeenat Aman recommends Live in relationships before marriage for youth