2019ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, ഇന്ന് ബിജെപി; ശക്തമായ മല്‍സരം പ്രതീക്ഷിക്കുന്നെന്ന് നവനീത് റാണ

amaravathi (1)
SHARE

താര മണ്ഡലമായ മഹാരാഷ്ട്രയിലെ അമരാവതി ഇക്കുറി ചതുഷ്കോണ പോരാട്ടം കൊണ്ട് ശ്രദ്ധേയമാകുകയാണ്. ബിജെപി ക്യാംപിലേക്ക് കളംമാറിയ നടി നവനീത് റാണയ്ക്ക് കടുത്ത വെല്ലുവിളിയാകുന്നുണ്ട് മഹായുതി സഖ്യത്തിലെ തന്നെ വിമതനീക്കം. ശക്തമായ മല്‍സരം പ്രതീക്ഷിക്കുന്നതായി നവനീത് റാണ മനോരമ ന്യൂസിനോട് പറഞ്ഞു.

ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിജയിച്ച മണ്ഡലം. ഒരിക്കല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ചസീറ്റായിരുന്ന അമരാവതി ഇപ്പോള്‍ രാഷ്ട്രീയ മാറ്റത്തിന്‍റെ പാതയിലാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സ്വതന്ത്രയായി വിജയിച്ച നവനീത് റാണയാണ് ഇക്കുറി ബിജെപി സ്ഥാനാര്‍ഥി. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കവേയാണ് 2014ല്‍ നവനീതിന്‍റെ രാഷ്ട്രീയ പ്രവേശം. നടി എന്ന ഇമേജ് വിട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ റോളിലേക്ക് മാറിയിരിക്കുന്നു റാണ. വിദര്‍ഭ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡുമായാണ് റാണ എത്തുന്നത്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ വിധി അനുകൂലമായതിന്‍റെ ആശ്വാസത്തിലാണ് റാണ. എന്നാല്‍ പാളയത്തിലെ പട ഇക്കുറി വെല്ലുവിളിയാണ്. സീറ്റ് ഏകപക്ഷീയമായി ബിജെപി പിടിച്ചെടുത്തതിന്‍റെ അമര്‍ഷത്തിലാണ് ശിവസേന ഷിന്‍ഡെ പക്ഷം. മഹായുതി സഖ്യത്തിലുള്ള ബച്ചു കാഡുവിന്‍റെ പ്രഹാര്‍ ജനശക്തി പാര്‍ട്ടി, വിമതനെ നിര്‍ത്തിയാണ് പ്രതിഷേധിക്കുന്നത്. മണ്ഡലത്തിന്‍റെ ഭാഗമായ സിറ്റിങ് എംഎല്‍എ ബല്‍വന്ത് വാങ്കഡെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രകാശ് അംബേദ്ക്കറിന്‍റെ പിന്തുണയോടെ സഹോദരന്‍ അനന്ദ്‌രാജ് അംബേദ്ക്കറും കളത്തിലെത്തിയോടെ കടുത്ത ചതുഷ്കോണ മല്‍സരം ഉറപ്പായി. നിര്‍ണായകമാകുന്നത് ഒബിസി, ദലിത്, മുസ്ലിം വോട്ടുകള്‍. 35 ശതമാനം വരുന്ന ഒബിസി വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്ക് തിരിച്ചടിയാകും. റാണയോടുള്ള ശിവസേനയുടെ എതിര്‍പ്പ് മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇക്കുറി മോദി തരംഗമില്ലെന്നും അധ്വാനിച്ചാല്‍ മാത്രം വിജയിക്കുമെന്നുമുള്ള റാണയുടെ വിവാദ പരാമര്‍ശവും പാര്‍ട്ടി ആയുധമാക്കുന്നുണ്ട്.

Navneet Rana is expecting a strong competition

MORE IN INDIA
SHOW MORE