മഹാരാഷ്‌ട്ര ഗവര്‍ണറാകാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍..? റാലി റദ്ദാക്കിയതും സൂചന

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മഹാരാഷ്‌ട്ര ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ട്. ഭഗത് സിങ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചതിനാല്‍ ആ ഒഴിവിലേക്കാണ് ക്യാപ്റ്റനെ പരിഗണിക്കുന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവിലേക്ക് അടുത്തിടെ അമരീന്ദര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പാര്‍ട്ടി സ്ഥാനങ്ങളിലിരിക്കാനോ 75 വയസ്സാണ് ബിജെപിയില്‍ പ്രായപരിധി. 80 കാരനായ അമരീന്ദര്‍ സിങിന് ഗവര്‍ണര്‍ പദവി നല്‍കുമെന്ന് നേരത്തേ റിപ്പോര്‍‌ട്ടുണ്ടായിരുന്നു.

ജനുവരി 29 ന് പട്യാലയില്‍ അമരീന്ദര്‍ നടത്താനിരുന്ന റാലി റദ്ദാക്കാനുള്ള ബിജെപി നീക്കം ഗവര്‍ണര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിശ്ചയിക്കാനുള്ള തീരുമാനം കൊണ്ടാണെന്ന് വിലയിരുത്തുന്നുണ്ട്.

2021 ല്‍ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ബിജെപിയില്‍ ലയിച്ചു. ഛത്രപതി ശിവാജിക്കെതിരെ പരാമര്‍ശം നടത്തിയ കോഷിയേരിക്കെതിരെ അമര്‍ഷം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി മോദി മുബൈയിലെത്തിയപ്പോള്‍ താന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നെന്നും എഴുത്തിനും വായനക്കുമായി ജീവിതം മാറ്റി വെക്കാനാണ് തീരുമാനമെന്നും കഴിഞ്ഞ ദിവസം കോഷിയേരി വ്യക്തമാക്കിയിരുന്നു.