ഗുജറാത്തില്‍ 56.88 ശതമാനം പോളിങ്; ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചുമണി വരെ 56.88 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മല്‍സരം നടന്ന സൗരാഷ്ട്ര–കച്ച് , ദക്ഷിണ ഗുജറാത്ത് മണ്ഡലങ്ങളില്‍ പക്ഷേ, പോളിങ് മന്ദഗതിയിലായിരുന്നു . അതിനിടെ, അഞ്ചാം തിയതി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമായി. അഹമ്മദബാദില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുമണിക്കൂര്‍ റോഡ് ഷോ നടക്കുകയാണ്. 

തന്നെ രാവണനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചു.പട്ടേല്‍, ഒബിസി പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി നടന്ന 2017മായി താരതമ്യം ചെയ്യുമ്പോള്‍ മന്ദഗതിയിലായിരുന്നു ഇക്കുറി ഒന്നാംഘട്ട പോളിങ്. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ച സൗരാഷ്ട്ര–കച്ച് മേഖലകള്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പഴുതടച്ച നീക്കങ്ങളാണ് ബിജെപി നടത്തിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും മുഖ്യപ്രചാരണായുധങ്ങളാക്കിയ കോണ്‍ഗ്രസ്, ശക്തി കേന്ദ്രങ്ങള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്.   ഗ്രാമീണ,ആദിവാസി മേഖലകളില്‍ സൗജന്യവാഗ്ദാനങ്ങളുമായി കളം നിറഞ്ഞു ആം ആദ്മി പാര്‍ട്ടിയും  ഗുജറാത്ത് രാഷ്ട്രീയത്തില്‍ മുഖ്യശക്തിയായി മാറാമെന്ന പ്രതീക്ഷിലാണ്.

135 പേരുടെ ജീവനെടുത്ത മോര്‍ബി തൂക്കുപാലം ദുരന്തം നടന്ന മോര്‍ബിയും ആപ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗാഡ്വിയുടെ ഖംബാലിയയും, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ മല്‍സരിക്കുന്ന ജാം നഗറും ഇന്ന് വിധിയെഴുതി. ശ്രീരാമനില്‍ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ് തന്നെ രാവണമെന്ന് വിളിച്ച് അപമാനിച്ചെന്ന് രണ്ടാംഘട്ട പ്രചാരണവേദിയില്‍ നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിലെമ്പാടും വോട്ടഭ്യര്‍ഥിച്ച് നരേന്ദ്രമോദിയുടെ തലമാത്രമെന്ന് പരിഹസിച്ച ഖര്‍ഗെ, നിങ്ങള്‍ രാവണനാണോയെന്ന് ചോദിച്ചതാണ് മോദി തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്.  അവശേഷിക്കുന്ന 93 സീറ്റുകളില്‍ ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. 

The first phase of voting has ended in Gujarat