കഴുതപ്പാല് ലിറ്ററിന് 5000 രൂപ; പാല്‍പ്പൊടിക്ക് പൊന്നുംവില; ലക്ഷങ്ങള്‍ കൊയ്ത് യുവാവ്

ചിത്രങ്ങള്‍: എക്സ്

കഴുതപ്പാല്‍ വിറ്റ് മാസം ലക്ഷങ്ങള്‍ സമ്പാദിച്ച് യുവാവ്. ഗുജറാത്ത് സ്വദേശിയായ ധീരൻ സോളങ്കി എന്ന യുവാവാണ് കഴുതപ്പാല്‍ വില്പ്പനയിലൂടെ വിജയം കൈവരിച്ചത്. പഠാന്‍ ജില്ലയില്‍ 42 കഴുതകളടങ്ങുന്ന ഫാമിന്‍റെ ഉടമയാണ് ധീരൻ സോളങ്കി. കഴുതപ്പാല്‍ വില്‍പ്പനയിലൂടെ മാത്രം 3 ലക്ഷം രൂപ വരെയാണ് ധീരൻ സോളങ്കി സമ്പാദിക്കുന്നത്. കഴുതപ്പാല് പാല്‍പ്പൊടി രൂപത്തിലും ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നുണ്ട് ധീരൻ സോളങ്കി. ഒരു കിലോ പാല്‍പ്പൊടിക്ക് ഏകദേശം ഒരു ലക്ഷത്തിനടുത്താണ് വില വരുന്നത്. ആരെയും ഞെട്ടിക്കുന്ന വിജയം കൈവരിച്ചെങ്കിലും ആ യാത്ര അത്ര എളുപ്പമല്ലായിരുന്നെന്നാണ് ധീരൻ സോളങ്കി പറയുന്നത്.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പലയിടങ്ങളിലും ജോലി ചെയ്തെങ്കിലും അവിടുന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ യുവാവ് തീരുമാനിച്ചത്. ഈ സമയത്താണ് ദക്ഷിണേന്ത്യയിലെ കഴുത പരിപാലനത്തെ കുറിച്ച് കേൾക്കാനിടയായതെന്നും ധീരൻ സോളങ്കി പറയുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തമായി ഫാം തുടങ്ങിയത്. 22 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 20 കഴുതകളെയാണ് ആദ്യം വാങ്ങിയത്. എന്നാല്‍ ഗുജറാത്തില്‍ കഴുതപ്പാലിന് വലിയ പ്രചാരമില്ലാത്തതിനാല്‍ വിചാരിച്ച ഫലം കണ്ടില്ലെന്നും ധീരൻ സോളങ്കി പറയുന്നു.

ആദ്യത്തെ അഞ്ച് മാസത്തോളം  യാതൊരു വിധ ലാഭവും ലഭിച്ചിരുന്നില്ല. പിന്നീടാണ് ദക്ഷിണേന്ത്യയിലെ കമ്പനികളിലേക്ക് കഴുതപ്പാൽ ആവശ്യമുണ്ടെന്ന് അറിയുന്നത്. അതോടെ ബിസിനസ് മെച്ചപ്പെടാന്‍ തുടങ്ങി. കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സൗന്ദര്യ വർദ്ധക നിർമ്മാണ ഫാക്ടറി ഉൾപ്പടെയുള്ള ഇടങ്ങളിലേക്ക് ധീരൻ സോളങ്കി കഴുതപ്പാല്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അതോടെ കഴുതപ്പാല്‍ സംരംഭം വലിയ വിജയം കാണാന്‍ തുടങ്ങിയെന്നും യുവാവ് പറയുന്നു. 

പശുവിന്‍ പാലിനെക്കാള്‍ നൂറിരട്ടിയാണ് കഴുതപ്പാലിന് വില. ലിറ്ററിന് 5000 മുതല്‍ 7000 വരെ നല്‍കേണ്ടിവരും. പാല് കേടാകാതിരിക്കാന്‍ വൃത്തിയായി ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ചെയ്യാറെന്നും  ധീരൻ സോളങ്കി പറയുന്നു. കഴുതപ്പാല് പാല്‍പ്പൊടി രൂപത്തില്‍ ലഭിക്കുന്നതിനും ലക്ഷങ്ങള്‍ നല്‍കണം. 22 കഴുതകളുണ്ടായിരുന്ന ഫാമില്‍ ഇപ്പോള്‍ 42 കഴുതകളുണ്ട്. ആകെ മുതല്‍മുടക്ക് 38 ലക്ഷം രൂപയാണെന്നും ധീരൻ സോളങ്കി വ്യക്തമാക്കി. കഴുതപ്പാലിന് ഒട്ടേറെ ഗുണങ്ങളുണ്ടെന്നും സൗന്ദര്യ വർദ്ധക മേഖലയില്‍ കഴുതപ്പാലിന് വലിയ പ്രാധാന്യനുണ്ടെന്നും ധീരൻ സോളങ്കി കൂട്ടിച്ചേര്‍ത്തു. 

Gujarat man sells donkey milk for Rs 5,000 a litre