50 അടി നീളം; ഒരു ടണ്ണോളം ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഗുജറാത്തില്‍; പേര് വാസുകി

ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും വലിയ പാമ്പിന്‍റെ ശേഷിപ്പുകള്‍ ഗുജറാത്തില്‍ കണ്ടെത്തി. ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും (Tyrannosaurus Rex) വലിപ്പമുള്ളതായിരുന്നു ഈ പാമ്പെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വാസുകി ഇന്‍ഡികസ് (Vasuki Indicus) എന്നാണ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. 2005ല്‍ ഐഐടി റൂര്‍ക്കിലെ ഗവേഷകരാണ് പാമ്പിന്‍റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഇത്രയും വര്‍ഷത്തെ പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും ഭീമന്‍ ഈ പാമ്പായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

നട്ടെല്ലിന്‍റെ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പ് ആയിരുന്നിരിക്കണം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 11 മുതല്‍ 15 മീറ്റര്‍ (ഏകദേശം 50 അടി) നീളവും ഒരു ടണ്ണോളം ഭാരവും പാമ്പിനുണ്ടായിരുന്നിരിക്കണം എന്നാണ് പഠനത്തിലുള്ളത്. വാസുകി ഇന്‍ഡികസിന്‍റെ ശേഷിപ്പുകളിലൂടെ ലോകത്തെ ഉരഗവര്‍ഗങ്ങളുടെ പരിണാമത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാകുന്ന പഠനങ്ങള്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. സയന്‍റിഫിക് റിപ്പോര്‍ട്ട്സിലെ സ്പ്രിങ്ര്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

‘നീളവും ഭാരവും കണക്കാക്കിയാല്‍ വളരെ സാവധാനം മാത്രം ചലിക്കുന്ന ഇരപിടിച്ച് ജീവിച്ചിരുന്ന പെരുമ്പാമ്പ് ആണിതെന്ന് മനസ്സിലാക്കാം. ആനക്കോണ്ടകളും പെരുമ്പാമ്പുകളും ചെയ്തിരുന്നതുപോലെ ഇരയെ ചുറ്റിപ്പിണഞ്ഞ് ഞെരിച്ചുടച്ച് ഭക്ഷിക്കുന്ന രീതിയായിരുന്നിരിക്കാം വാസുകിയുടെയും. ആഗോള താപനം രൂക്ഷമാകുന്നതിനും കാലങ്ങള്‍ക്കു മുന്‍പ്, കാലവസ്ഥ ഏറ്റവും അനുകൂലമായിരുന്നപ്പോള്‍ തണുപ്പുനിറഞ്ഞ ചതുപ്പ് നിലങ്ങളിലായിരുന്നിരിക്കാം വാസുകി ജീവിച്ചിരുന്നത്’ എന്നാണ് പഠനത്തെക്കുറിച്ച് ഐഐടി റൂര്‍ക്കിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചറായ ദെബാജിത് ദത്ത പറഞ്ഞിരിക്കുന്നത്. ഇദ്ദേഹമാണ് പഠനത്തില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്.

പുരാണങ്ങളില്‍ ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്ന വാസുകി എന്ന പാമ്പിന്‍റെ പേരാണ് ഈ ഉരഗത്തിന് നല്‍കിയിരിക്കുന്നത്. 60 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊളംബിയയില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ടിറ്റനോബ (Titanoboa) എന്ന പാമ്പുമായി കിടപിടിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ടിറ്റനോബയ്ക്ക് ഏകദേശം 43 അടി നീളവും ഒരു ടണ്ണിലധികം ഭാരവും ഉണ്ടായിരുന്നു എന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ടിറ്റനോബ വലുപ്പത്തിന്‍റെ കാര്യത്തില്‍ വാസുകിയേക്കാള്‍ മുന്നിലാണ്. ഭാരത്തിന്‍റെ കാര്യമെടുത്താല്‍ അത് തീര്‍ച്ചപ്പെടുത്തി കൃത്യമായി പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പഠനത്തിന്‍റെ ഭാഗമായിരുന്ന സുനില്‍ ബാജ്പയ് വ്യക്തമാക്കി.

നിലവില്‍ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പാമ്പ് ഏഷ്യയിലാണുള്ളത്. പത്ത് മീറ്റര്‍ (ഏകദേശം 33 അടി) ആണ് ഇതിന്‍റെ നീളം. വാസുകിയുടെ കണ്ടെത്തലിലൂടെ ഉരഗവര്‍ഗത്തിന്‍റെ പരിണാമം മാത്രമല്ല, ഭൂഖണ്ഡങ്ങളില്‍ കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളടക്കം പഠനത്തിന് വിധേയമാക്കാനാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

World's largest snake to have ever existed found in Gujarat; Named after Vasuki.