‘ലാലുവിന്റെ മകൻ 9–ാം ക്ലാസ് പാസായാൽ ഉപമുഖ്യമന്ത്രി; മറ്റുള്ളവർ പ്യൂൺ പോലും ആകില്ല’

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ലാലു പ്രസാദ് യാദവിന്റെ മകൻ ഒൻപതാം ക്ലാസ് പാസായാൽ ഉപമുഖ്യമന്ത്രിയാകും. ഇനി മുഖ്യമന്ത്രിയുമായേക്കും. സാധാരണക്കാരന്റെ മക്കളാണെങ്കിൽ ഒൻപതാം ക്ലാസ് പാസായാൽ പ്യൂണിന്റെ ജോലി പോലും കിട്ടില്ലെന്നു പ്രശാന്ത് കിഷോർ പറഞ്ഞു.

ജൻ സുരാജ് ജനസമ്പർക്ക യാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പരാമർശം. മുഖ്യമന്ത്രിയുടെയും എംഎൽഎയുടെയുമൊക്കെ ബന്ധുബലമുള്ളവർ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലെങ്കിലും ജോലി കിട്ടി രാജാക്കന്മാരെ പോലെ വിലസും. സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസമുണ്ടായാലും തൊഴിൽരഹിതരായി കഴിയേണ്ടി വരും. ഈ ദുർഗതിക്കു മാറ്റമുണ്ടാകണമെന്നു പ്രശാന്ത് കിഷോർ പറഞ്ഞു.

ആർജെഡി നേതാവ് മനോജ് ഝാ കഴിഞ്ഞയാഴ്ച പ്രശാന്ത് കിഷോറിനെതിരെ നടത്തിയ വിമർശനത്തിനുള്ള മറുപടിയാണ് തേജസ്വിക്കെതിരായ ആക്രമണം. ബിഹാറിനു 1990നു ശേഷം മാറ്റമുണ്ടായിട്ടില്ലെന്ന പ്രശാന്ത് കിഷോറിന്റെ പരാമർശത്തെ മനോജ് ഝാ ഖണ്ഡിച്ചിരുന്നു. ബിഹാറിനോടുള്ള കേന്ദ്ര അവഗണനയെ കുറിച്ചു സംസാരിക്കാൻ പ്രശാന്ത് കിഷോർ തയാറാണോയെന്നു മനോജ് ഝാ ചോദിച്ചു.

ബിഹാർ സംസ്ഥാനം വിഭജിച്ചു ജാർഖണ്ഡ് രൂപീകരിച്ചതിന്റെ നഷ്ടപരിഹാരമുണ്ടായില്ലെന്നു മനോജ് ഝാ ചൂണ്ടിക്കാട്ടി. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നതിനു പകരം പ്രശാന്ത് കിഷോർ നിസാര വിഷയങ്ങൾ ചർച്ച ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.