മഹാരാഷ്ട്രയിൽ സ്ഥിതി സങ്കീർണ്ണം; വഞ്ചന മറക്കില്ലെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര സർക്കാരിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുന്നു. ശിവസേന ദേശീയ എക്‌സികൂട്ടീവ് യോഗവും  ഉദ്ധവ് താക്കറെക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിമത വിഭാഗം ശിവസേന ബാല സാഹിബ്‌ എന്ന പേരിൽ  പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതിനിടെ, വിമത എംഎൽഎ മാരുടെ ഓഫീസിന് നേരെ വ്യാപക ആക്രമണമുണ്ടായി. ശിവസേനയുടെ അയോഗ്യത പരാതിയിൽ മറുപടി നൽകാൻ വിമതർക്ക് സ്പീക്കർ നോട്ടീസ് നൽകി.

ബാൽ താക്കറെയുടെ പേര് മുൻ നിർത്തി പാർട്ടി പിടിച്ചെടുക്കാനുള്ള വിമതരുടെ നീക്കങ്ങൾക്ക് തടയിടാൻ, ബാലാസാഹേബ് താക്കറെ, ശിവസേന എന്നീ പേരുകൾ ആർക്കും ഉപയോഗിക്കാനാവില്ല എന്നതടക്കം  3 നിർദ്ദേശങ്ങൾ  അടങ്ങുന്ന പ്രമേയം  ദേശീയ എക്‌സികൂട്ടീവ് യോഗം  പാസ്സാക്കി. എല്ലാകാര്യങ്ങളിലും  തീരുമാനമെടുക്കാനുള്ള അധികാരം ഉദ്ധവ് താക്കറെക്ക് ആയിരിക്കും. വിമത വിഭാഗം ശിവസേന ബാലസാഹിബ് എന്ന പേരിൽ പുതിയ ഗ്രൂപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വിമത ഗ്രൂപ്പിന് അംഗീകാരം  ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിമതരുടെ വഞ്ചന മറക്കില്ലെന്നും വിശ്വാസ വോട്ടെടുപ്പിൽ ഉറപ്പായും വിജയിക്കുമെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.

അയോഗ്യരാക്കാൻ പരാതി  ലഭിച്ച 16  വിമത MLA മാർക്കും, മുംബൈയിൽ  എത്തി വിശദീകരണം നൽകാൻ  ആവശ്യപ്പെട്ടു ആക്ടിങ് സ്പീക്കർ നോട്ടീസ് അയച്ചു. അതേസമയം 38 വിമത  എം എൽ എ മാരുടെ സുരക്ഷ  പിൻവലിച്ചു എന്നാരോപിച്ചു ഏക് നാഥ് ഷിൻഡെ  മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സുരക്ഷ പിൻവലിക്കാൻ  മുഖ്യമന്ത്രിയോ താനോ നിർദ്ദേശം  നൽകിയിട്ടില്ലെന്ന്   ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പട്ടിൽ വ്യക്തമാക്കി, പലയിടത്തും വിമത MLA മാരുടെ ഓഫിസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. സംഘർഷ  സാഹചര്യം കണക്കിലെടുത്തു മുംബൈ,താനെ, എന്നിവിടങ്ങളിൽ ഈ  മാസം  30 വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചു.