ഷിന്‍ഡെ–ഫട്നാവിസ് സഖ്യത്തില്‍ കല്ലുകടി; പൊട്ടിത്തെറി പേടിച്ച് മന്ത്രിസഭാ വികസനം വൈകിക്കുന്നു

മഹാരാഷ്ട്രയില്‍ ശിവസേനയെ നെടുകെ പിളര്‍ത്തി, ബിജെപിക്കൊപ്പം അധികാരത്തിലേറിയ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നു. അകത്ത് രാഷ്ട്രീയ ഭിന്നത പുകയുമ്പോളും പുറത്ത് എല്ലാം ശരിയെന്ന് വരുത്തുകയാണ് ഷിന്‍ഡെ–ഫട്നാവിസ് സഖ്യം. സുപ്രീംകോടതി വിധിവന്ന് ഒന്നരമാസമായിട്ടും എംഎല്‍എമാരുടെ അയോഗ്യതയില്‍ തീരുമാനമെടുക്കാതെ സ്പീക്കറുടെ ഒളിച്ചുകളി തുടരുകയാണ്.

ഒപ്പം മല്‍സരിച്ച് പിന്നീട് മറുപക്ഷം ചാടിയ ശിവസേനയെ പൊളിക്കാനുള്ള ബിജെപിയുടെ ആയുധമായിരുന്നു ഏക്നാഥ് ഷിന്‍ഡെ. എംഎല്‍എമാരുടെ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കെറെയ്ക്ക് അടിതെറ്റി. 57ല്‍ 40 എംഎല്‍മാരെയും സ്വന്തം പാളയിത്തിലെത്തിച്ച ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയാക്കി. ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കി കടിഞ്ഞാണ്‍ പാര്‍ട്ടി ഉറപ്പിച്ചു. എല്ലായിടത്തും ഒരുമിച്ച് കണ്ടിരുന്ന ഷിന്‍ഡെ–ഫ്ട്നാവിസ് കൂട്ടുകെട്ടിലെ രസക്കേടാണ് പിന്നീട് രാഷ്ട്രീയമായി ഏറെ ചര്‍ച്ചയായത്. മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്ക് സീറ്റില്ലെന്ന് ബിജെപി പ്രമേയം പാസാക്കിയതാണ് ഏക്നാഥ് ഷിന്‍ഡെയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ഫ‍ഡ്നാവിസിനേക്കാളും ജനപ്രീതി തനിക്കണെന്ന് കാണിച്ച് ഷിന്‍ഡെ പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കി. രംഗം പിന്നീട് തണുത്തെങ്കിലും സഖ്യത്തിലെ കല്ലുകടി പരസ്യമായിട്ടുണ്ട്. പൊട്ടിത്തെറി പേടിച്ചാണ് മന്ത്രിസഭാ വികസനം പിന്നെയും വൈകിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈ കോര്‍പറേഷന്‍ കോവിഡ് സെന്‍റര്‍ അഴിമതി ഉയര്‍ത്താനാണ് ബിജെപി ശ്രമം. ഇ.ഡിയും കളത്തിലുണ്ട്. ഉദ്ധവ് സേന നേതാക്കളുടെ സഹായികളാണ് പ്രതിസ്ഥാനത്ത്. അതേസമയം, സുപ്രീംകോടതി വിധിവന്ന് ഒന്നരമാസമായിട്ടും അയോഗ്യതാ വിഷയത്തില്‍ സ്പീക്കര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ്. 16 എംഎല്‍എമാരെ സുരക്ഷിതരാക്കാനുള്ള ബിജെപി തന്ത്രമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

The Eknath Shinde government completes one year today