‘അവഹേളനം നേരിട്ടെങ്കില്‍ ബിജെപി വിട്ടുവരൂ’; ഗഡ്കരിയെ വീണ്ടും ക്ഷണിച്ച് ഉദ്ധവ്

ബി.ജെ.പിയില്‍ നിന്ന് അവഹേളനം നേരിട്ടുവെങ്കില്‍ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേരാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ഉദ്ധവ് താക്കറെ. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയുടെ വിജയം ഉറപ്പാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് രണ്ടാം തവണയാണ് താക്കറെ ഗഡ്കരിയോട് ബി.ജെ.പി വിട്ട് ശിവസേനയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയിലെ പുസാദില്‍ വച്ച് നടന്ന റാലിക്കിടെയായിരുന്നു താക്കറെ ഇക്കാര്യം ആവര്‍ത്തിച്ചത്. ഒരിക്കല്‍ ബി.ജെ.പി തന്നെ അഴിമതിക്കാരനെന്ന് ആരോപിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപാ ശങ്കര്‍ പോലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു എന്നിട്ടും ആ പട്ടികയില്‍ ഗഡ്കരിയില്ല– ഉദ്ധവ് താക്കറെ പറഞ്ഞത്.

'രണ്ട് ദിവസം മുന്‍പും ഞാന്‍ ഇക്കാര്യം ഗഡ്കരിയോട് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ അവഹേളിക്കപ്പെടുന്നതായി തോന്നുണ്ടെങ്കില്‍ ബി.ജെ.പി വിട്ട് മഹാ വികാസ് അഘാഡിയില്‍ ചേരുക. നിങ്ങളുടെ വിജയം ഞങ്ങള്‍ ഉറപ്പാക്കും. ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിങ്ങളെ മന്ത്രിയുമാക്കും'– ഉദ്ധവ് താക്കറെ.

ഇതിന് മുന്‍പുള്ള താക്കറെയുടെ വാഗ്ദാനത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പരിഹസിച്ചിരുന്നു. തെരുവില്‍ കിടക്കുന്ന മനുഷ്യൻ ആരെയെങ്കിലും യുഎസ് പ്രസിഡന്‍റാക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതുപോലെയാണ് താക്കറെയുടെ വാഗ്ദാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗഡ്കരി ബിജെപിയുടെ പ്രമുഖ നേതാവാണെന്നും എന്നാൽ ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതിനാൽ ആദ്യ പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പേരുകൾ ഉണ്ടായിരുന്നില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന് കീഴിലുള്ള നിയമങ്ങളുടെ വിജ്ഞാപനത്തെ "തെരഞ്ഞെടുപ്പ് മുദ്രാവാക്യം" എന്നാണ് താക്കറെ വിശേഷിപ്പിച്ചത്. ഹിന്ദുക്കളും സിഖുകാരും പാഴ്സികളും ഇന്ത്യയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നു, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ ഇത്തരമൊരു നിയമം പ്രാബാല്യത്തില്‍ കൊണ്ടുവന്നത് സംശയാസ്പദമാണെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് നാല് വർഷത്തിലേറെയായി, എന്നാൽ ജമ്മു കശ്മീരിൽ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും കശ്മീരി പണ്ഡിറ്റുകൾ ഇതുവരെ കശ്മീരിലെ വീടുകളിലേക്ക് മടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആദ്യം കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണമെന്നും ശേഷം സിഎഎ നടപ്പാക്കണമെന്നും താക്കറെ കൂട്ടിച്ചേ‍ര്‍ത്തു.

വരുന്ന തിരഞ്ഞെടുപ്പിൽ ഒരു വശത്ത് മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കി ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്ന ബിജെപിയാണെന്നും മറുവശത്ത് രാജ്യസ്നേഹികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് 'ദേശ്-ഭക്ത്' (തങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നവർ) 'ദ്വേഷ് ഭക്ത്' (വിദ്വേഷം പ്രസംഗിക്കുന്നവർ) തമ്മിലാണെന്നും താക്കറെ പറഞ്ഞു. ശിവസേന, എന്‍.സി.പിയിലെ ശരദ് പവാര്‍ പക്ഷം, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ചേര്‍ന്ന സഖ്യമാണ് മഹാ വികാസ് അഘാഡി.

"Insulted? Join Us": Uddhav Thackeray To Union Minister Nitin Gadkari