'യുപിയിൽ കോൺഗ്രസിന്റെ മുഖം താൻ തന്നെ'; ആത്മവിശ്വാസം നൽകി പ്രിയങ്ക

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖം താൻ തന്നെയെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന ചോദ്യത്തോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ്‌ പുറത്തിറക്കി. ഉത്തർപ്രദേശിൽ നിലനിൽപ്പിനായി പോരാടുന്ന കോൺഗ്രസിന് ആത്മവിശ്വാസം നൽകിയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം. യുപി യിൽ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ. എല്ലായിടത്തും നിങ്ങൾക്ക് തന്റെ മുഖം കാണാം എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞത്

തിരഞ്ഞെടുപ്പിന് ശേഷം  സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി വെക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ബിജെപി മുന്നോട്ട് വെച്ച ആശയങ്ങൾ ദുരന്തമായെന്നും മാറ്റത്തിന്റെ തുടക്കം യുപിയിൽ നിന്നാരംഭിക്കുമെന്നും യുവാക്കൾക്കായുള്ള പ്രകടന പത്രിക പുറത്തിറക്കി രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം ബിജെപിയിൽ അംഗത്വമെടുത്ത മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ലക്നൗവിലെ വസതിയിലെത്തി മുലായത്തിന്റെ അനുഗ്രഹം വാങ്ങി. ചിത്രം അപർണ യാദവ് ട്വിറ്ററിൽ പങ്കു വെച്ചത്‌ സമാജ്‌വാദി പാർട്ടിക്ക് ക്ഷീണമായി. മുലായം സിങ് യാദവും യോഗി സർക്കാർ അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ബിജെപി പ്രതികരിച്ചു. അതേസമയം യുപിയിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.