‘താങ്കൾ പൊതുജീവിതം തിരഞ്ഞെടുത്ത ആൾ; ജീവിതം മെക്രോസ്കോപ്പിനു മുന്നിലാണ്’

മുംബൈ: പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത് അപകീർത്തികരമാണെന്നു പറയാനാകില്ലെന്നും അത്തരം റിപ്പോർട്ടുകൾ തടയാനാകില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.

നീലച്ചിത്രക്കേസിൽ രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ  അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നതു തടയണമെന്ന് അഭ്യർഥിച്ച് ഭാര്യ ശിൽപ ഷെട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ അഭിപ്രായപ്രകടനം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. 

താങ്കൾ പൊതുജീവിതം തിരഞ്ഞെടുത്ത ആളാണ്. താങ്കളുടെ ജീവിതം മെക്രോസ്കോപ്പിനു മുന്നിലാണ്. അത്തരത്തിൽ പൊതുരംഗത്തുള്ള ഒരാളെക്കുറിച്ചാണു വാർത്തകൾ വന്നിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെയും തന്റെ കുട്ടികളുടെയും സൽപേര് കളങ്കപ്പെടുത്തിയതിന് 25 കോടി രൂപ നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ടാണു ശിൽപ കോടതിയെ സമീപിച്ചത്. കേസ് വീണ്ടും സെപ്റ്റംബർ 20നു പരിഗണിക്കും. അതേസമയം, ഹർജിയുടെ അടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്ന് 3 വിഡിയോകൾ നീക്കാൻ കോടതി ആവശ്യപ്പെട്ടു.