വിമാനത്താവളത്തിൽ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ്പ ഷെട്ടി

വിമാനത്താവളത്തിൽ നേരിടേണ്ടിവന്ന വർണവെറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശിൽപ്പ ഷെട്ടി. സിഡ്നി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് ശിൽപ പറയുന്നു.

ആസ്ട്രേലിയൻ എയർലൈൻ സ്റ്റാഫിനെതിരെയാണ് ശിൽപ്പയുടെ കുറിപ്പ്.. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് സിഡ്നിയിൽ നിന്ന് മെൽബണിലേക്കണ് ശിൽപ്പക്ക് യാത്ര െചയ്യേണ്ടിയിരുന്നത്. ചെക്ക് ഇൻ ചെയ്യാൻ കൗണ്ടറിലെത്തി.

''വെള്ളക്കാരല്ലാത്തതിനാലും ബ്രൗൺ നിറമായതിനാലും മെൽ എന്നുപേരുള്ള സ്റ്റാഫ് സംസാരിക്കാൻ താത്പര്യം കാണിച്ചില്ല. രണ്ടു ബാഗുകളിലൊന്നിന് ഭാരം കൂടുതലാണെന്ന് അവർ പറഞ്ഞു. ഭാരക്കൂടുതലുള്ള ബാഗുകൾ കൈകാര്യം ചെയ്യുന്ന മറ്റൊരു കൗണ്ടറിലേക്ക് ഞങ്ങളെ അയച്ചു. 

''ആ കൗണ്ടറിലുണ്ടായിരുന്ന സ്റ്റാഫ് ബാഗിന് ഭാരക്കൂടുതലില്ലെന്നും ആദ്യത്തെ കൗണ്ടറിൽ തന്നെ ചെല്ലുവാനും മാന്യമായി നിർദേശിച്ചു. പഴയ കൗണ്ടറിലേക്ക് ചെന്നപ്പോൾ അവർ പരിശോധിക്കാൻ കൂട്ടാക്കിയില്ല. കൗണ്ടർ അടയ്ക്കാൻ അഞ്ച് മിനിട്ടുള്ളപ്പോൾ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേക്ക് ഓടുകയായിരുന്നു ഞാൻ. 

ബാഗ് പരിശോധിച്ച മറ്റൊരു സ്റ്റാഫും പറഞ്ഞു, ഭാരക്കൂടുതലില്ല എന്ന്. ഈ വിഷയം എയർലൈൻസിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കുറിപ്പ്. തൊലിയുടെ നിറമനുസരിച്ചല്ല ആളുകളോട് പെരുമാറേണ്ടത് എന്ന് നിങ്ങളുടെ സ്റ്റാഫിനെ പഠിപ്പിക്കുക. തള്ളിവീഴ്ത്തേണ്ടവരല്ല ഞങ്ങൾ. 

ബാഗിന്റെ ഫോട്ടോ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ശിൽപ്പ ഇങ്ങനെ ചോദിച്ചു; ''ഈ ബാഗിന് ഭാരക്കൂടുതലുണ്ടോ, നിങ്ങൾ പറയൂ..''?

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, റിച്ച ചദ്ദ എന്നിവർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്