ഒരുനേരം 12 ലക്ഷം റൊട്ടി; സജ്ജമാക്കിയ ചപ്പാത്തിമേക്കറുകള്‍; കര്‍ഷകസമരവേദിയിലെ കാഴ്ച

ദിവസം ഒരു നേരമെങ്കിലും റൊട്ടി കഴിക്കാത്ത ഉത്തരേന്ത്യക്കാരനില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ റൊട്ടി ഉണ്ടാകുന്ന ഒരിടം ഏതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം സിംഘുവിലെ കര്‍ഷകസമരവേദിയായിരിക്കും. രണ്ടരലക്ഷത്തിനടുത്ത് കര്‍ഷകര്‍ക്കായി ഒരുനേരം 12 ലക്ഷം റൊട്ടി എങ്കിലും വേണം. ഇതിനായി പ്രത്യേകം സജ്ജമാക്കിയ ചപ്പാത്തിമേക്കറുകള്‍ സമരവേദിയിലെ കൗതുകക്കാഴ്ചയാണ്. 

കര്‍ഷകര്‍ സ്വന്തം നിലയ്‍ക്ക് ഭക്ഷണം പാചം ചെയ്യുന്നുണ്ടെങ്കിലും ഗുരുദ്വാരകള്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളും സംഘടനകളും തുറന്നിട്ടുള്ള സൗജന്യഭക്ഷണശാലകള്‍ തന്നെയാണ് സമരവേദിയിലെ പ്രധാന ആശ്രയം. ഇവിടുങ്ങളിലെ മുഖ്യആകര്‍ഷണം ചപ്പാത്തിയുണ്ടാക്കുന്ന യന്ത്രങ്ങളാണ്. മണിക്കൂറില്‍ 2000 റൊട്ടി ഉണ്ടാക്കാവുന്ന യന്ത്രങ്ങളാണിത്. മാവ് കുഴയ്ക്കുന്നത് മുതല്‍ റൊട്ടി ഉണ്ടാക്കുന്നത് വരെ യന്ത്രങ്ങളാണ്.

ഗുരുദ്വാരകളിലിരുന്ന യന്ത്രങ്ങള്‍ സമരവേദിയിലേക്ക് ഇറങ്ങിവന്നതോടെ ഇവയുടെ പ്രവര്‍ത്തനം കാണാന്‍ സമരക്കാരും നാട്ടുകാരും തിരക്ക് കൂട്ടുന്നുണ്ട്.