'ഭാരത്' എന്നെ പറയൂവെന്ന് ഒവൈസിയുടെ എംഎൽഎ; പാകിസ്താനിൽ പോകാന്‍ ബിജെപി എംഎൽഎ

ബിഹാര്‍ നിയമസഭയില്‍ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം എംഎല്‍എയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍. ഉറുദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ എംഎല്‍എ അക്തറുല്‍ ഇമ്രാന്‍, സത്യവാചകത്തിൽ  ഹിന്ദുസ്ഥാൻ എന്നതിന് പകരം ഭാരതം എന്ന് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദത്തിന് കാരണം. ഭരണഘടനയില്‍ 'ഭാരത്' എന്ന വാക്കാണ് എന്നും താന്‍ അതുമാത്രമേ ഉപയോഗിക്കുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. 

സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ എഐഎംഐഎം സംസ്ഥാന പ്രസിഡന്റുകൂടിയായ എംഎല്‍എ ഇത് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ അനുവാദം നല്‍കി. താന്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഉച്ഛരിക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഭരണഘടയുടെ ആമുഖത്തില്‍ പറയുന്ന 'ഭാരത്' എന്ന വാക്കാണ് ഉപയോഗിച്ചതെന്നും എംഎല്‍എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, എംഎല്‍എയ്ക്ക് എതിരെ എന്‍ഡിഎ രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ നീരജ് സിങ് ബബ്ലു പറഞ്ഞു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിക്കുന്നതാണെന്നും ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജെഡിയു എംഎല്‍എ മദന്‍ സാഹ്നി പ്രതികരിച്ചു.