‘ഒവൈസി ജിന്നയുടെ അവതാരം; അദ്ദേഹത്തിനുള്ള വോട്ട് ഇന്ത്യക്കെതിര്’; വിവാദം തുറന്ന് ബിജെപി എംപി

ബിഹാറിലടക്കം സാന്നിധ്യമറിയിച്ച അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് തേജസ്വി സൂര്യ . അടുത്ത മാസം ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്‍റെ പ്രചരണവേളയിലാണ് തേജസ്വി സൂര്യ എഐഎംഐഎം  നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ പ്രസ്താവന നടത്തിയത്. ഒവൈസി  മുഹമ്മദ് അലി ജിന്നയുടെ അവതാരമാണെന്നും അദ്ദേഹത്തിന് നല്‍കുന്ന ഒാരോ വോട്ടും ഇന്ത്യക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.  വിദ്വേഷ പ്രചരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

എഐഎംഐഎം നേതാക്കള്‍ രാജ്യത്തിന്‍റെ പുരോഗതിയേക്കാള്‍ കൂടുതല്‍ വില നല്‍കുന്നത് രോഹിങ്ക്യ മുസ്‌‌ലിം വിഭാഗങ്ങള്‍ക്കാണ്. വര്‍ഗീയത പടര്‍ത്തുന്ന ഒവൈസി സഹോദരന്‍മാരെ വിജയിപ്പിക്കരുത്. ഒവൈസിയ്ക്ക് ഹൈദരാബാദില്‍ ലഭിക്കുന്ന വിജയത്തോടെ അദ്ദേഹം കൂടുതല്‍ ശക്തനാവുകയാണ് ചെയ്യുന്നത്. അത് ഭാരതീയര്‍ അനുവദിക്കരുതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയ്ക്ക് ലഭിച്ച ജനപിന്തുണയാണ് തേജസ്വിയെ ചൂടു പിടിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. 

ഒവൈസിയെ കൂടാതെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും തേജസ്വി വിമര്‍ശനമുന്നയിച്ചു. ഹൈദരാബാദിനെ മറ്റൊരു ഇസ്താംബുളാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കൂട്ട് നില്‍ക്കുന്നത് ഒവൈസി സഹോദരന്‍മാരാണെന്നും ആദ്ദേഹം ആരോപിച്ചു. ഭാരതത്തെയും ഹിന്ദ്വത്വത്തെയും സംരക്ഷിക്കാന്‍ മോദിക്ക് മാത്രമേ കഴിയുവെന്നും തേജസ്വി പറഞ്ഞു. 

തേജസ്വിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.