മോഷ്ടിച്ച പണവുമായി ആഡംബര ജീവിതം: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളികളും പിടിയില്‍

ആഡംബര ജീവിതത്തിനായി 3300 യുസ് ഡോളർ തട്ടിയെടുത്ത് മുങ്ങിയ പ്രതികൾ പിടിയിൽ. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂട്ടാളികളുമാണ് പിടിയിലായത്. രജൗരി ഗാര്‍ഡന്‍ സ്വദേശി അമൃത സേതി (26) സുഹൃത്തുക്കളായ അക്ഷിത് ഝാബ്(25) കുശാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ് ഗോവയില്‍നിന്ന് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണവുമായി മൂവരും ഗോവയിലെ പഞ്ചനക്ഷത്രഹോട്ടലുകളിലും കാസിനോകളിലും ചെലവഴിച്ചെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന്റെ സൂത്രധാര അമൃത ഒപ്പം പങ്കാളികളായ സുഹൃത്തുക്കൾക്കെതിരെയും പരാതി നൽകിയത് മനോജ് സൂദ് എന്നയാളാണ്. ഇയാളെ കളവ് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. വിദേശ നാണയ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനോജ്.

സ്ഥാപനമുടമ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇയാൾ അമൃതയെ കാണാനെത്തിയത്. 2.45 ലക്ഷം രൂപയ്ക്ക് പകരം യു.എസ്. ഡോളര്‍ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ രൂപ തരാതെ ഡോളർ തരാനാകില്ലെന്ന് മനോജ് അമൃതയെ അറിയിച്ചു. തുടർന്ന് പണം പിന്‍വലിക്കാനെന്ന വ്യാജേന അമൃതയും സംഘവും ഒരു എ.ടി.എം. കൗണ്ടറിനടുത്ത് കാര്‍ നിര്‍ത്തി, ഡോളർ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കറൻസി കാണിച്ചതും സംഘം ബാഗ് തട്ടിപ്പറച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക വഴിത്തിരിവായി. ഗോവ പൊലീസിനൊപ്പം ഡൽഹി പൊലീസ് നടത്തിയ നീക്കമാണ് തട്ടിപ്പുകാരെ കുടുക്കിയത്. കാറിന്റെ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കുശാലിന്റെ പിതാവിന്റെ പേരിലാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് കുശാലും അമൃതയും അക്ഷിതും ചേര്‍ന്നാണ് കാര്‍ കൊണ്ടുപോയതെന്നും മൂവരും ഗോവയിലാണെന്നും കണ്ടെത്തിയത്.

അമൃത സേതി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അമൃത ഫാഷന്‍ ഡിസൈനറെന്നും, സോഷ്യല്‍ ആക്ടിവിസ്റ്റ്, പോക്കര്‍ പ്ലെയര്‍ എന്നീ നിലകളിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.