കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്

കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിട്ട് ഇന്ന് നൂറ്റാണ്ട് തികയുന്നു. എന്നാൽ അതിനും വർഷങ്ങൾക്കു മുമ്പ് കേരളം സോഷ്യലിസവും മാർക്സിസവും ചർച്ച ചെയ്തു തുടങ്ങിയിരുന്നു.  കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപീകരിക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് സമത്വം എന്ന ആശയം  പ്രചരിപ്പിച്ച പലരും ഇന്ന് വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.

നവോത്ഥാനമൂല്യങ്ങൾ ഉഴുതുമറിച്ച കേരള മണ്ണിൽ ചെങ്കതിർ വിരിയുന്നതിനു മുമ്പ് സമത്വം എന്ന ആശയത്തിന് വിത്ത് കൊണ്ടുവന്നവർ. ഒന്നാം റഷ്യൻ വിപ്ലവം പരാജയപ്പെട്ട 1905ൽ സോഷ്യലിസത്തെ കുറിച്ച് കേരളമണ്ണിൽ ഒരാൾ പ്രസംഗിച്ചു. ഇംഗ്ലണ്ടിൽ പഠിച്ചുവന്ന ബാരിസ്റ്റർ നാരായണപിള്ള തിരുവനന്തപുരം വി.ജെ.ടി ഹാളിൽ  സോഷ്യലിസത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ കേട്ടിരുന്നവരിൽ ഒരാൾ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പിന്നെ സോഷ്യലിസത്തെ കുറിച്ചും മാർക്സിസത്തെ കുറിച്ചും സ്വദേശാഭിമാനി പഠിച്ചു. 1912 കാൾ മാർക്സിൻ്റെ ജീവചരിത്രം മലയാളത്തിൽ എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചു. രാജ്യത്തെ ഏതെങ്കിലും ഭാഷയിൽ ആദ്യമായി എഴുതപ്പെടുന്ന മാർക്സിനെ ജീവചരിത്രം.

കോഴിക്കോട് നിന്ന് ഇറങ്ങിയ സി.കൃഷ്ണൻറെ മിതവാദിയിൽ സോഷ്യലിസത്തെ പറ്റി ലേഖനങ്ങൾ വന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യെപ്പറ്റി സഹോദരൻ അയ്യപ്പൻ എഴുതി. 1917ലെ ഒക്ടോബർ വിപ്ലവത്തെ പറ്റി കേരളത്തിൽ ആദ്യം വാർത്ത വരുന്നത് വി.വി.വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ചിരുന്ന അരയൻ എന്ന പത്രത്തിലാണ്.

വേലുക്കുട്ടി അരയൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തി. കമ്മ്യൂണിസ്റ്റ് ആയി മാറിയ നവോത്ഥാനനായകൻ എന്നാണ് പിൽക്കാലത്ത് വേലുക്കുട്ടി അരയനെ പറ്റി ഇഎംഎസ് പറഞ്ഞത്. 1931ൽ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന പേരിൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപമെടുത്തു. ഇ.എം.എസ്,  പി. കൃഷ്ണപിള്ള, കെ. ദാമോദരൻ എന്നിവർക്കൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപീകരിച്ച എൻ.സി. ശേഖർ ആയിരുന്നു കമ്മ്യൂണിസ്റ്റ് ലീഗിൻ്റെയും പിന്നിൽ. എന്നാൽ കമ്മ്യൂണിസ്റ്റ് ലീഗിനെ സംഘടന എന്ന രീതിയിൽ പിന്നീട് ഇഎംഎസ് അടക്കമുള്ളവർ അംഗീകരിക്കാൻ തയ്യാറായില്ല.