ഉപഭോക്തൃ വില സൂചിക; അടിസ്ഥാനവര്‍ഷം കേന്ദ്രം പരിഷ്ക്കരിക്കുന്നു

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരിഷ്ക്കരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കും ഇത് ഗുണം ചെയ്യും.

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം അഞ്ചു വര്‍ഷം കൂടുമ്പോള്‍ പരിഷ്ക്കരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ 2001ന് ശേഷം പുതുക്കിയിട്ടില്ല. അടിസ്ഥാന വര്‍ഷം 2016ലേയ്ക്ക് മാറ്റാനാണ് നീക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലയിലെ തൊഴിലാളികളുടെ ശമ്പളവും വിലസൂചിക അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. 48 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യവസായമേഖലയിലെ മൂന്ന് കോടിയോളം തൊഴിലാളികള്‍ക്കും വില സൂചികപുതുക്കുന്നതിലൂടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.ശമ്പളവര്‍ധനയ്ക്ക് വഴിയൊരുക്കും. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‍വാര്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കും

 ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, യാത്ര, ഭവന നിര്‍മാണം, മെബൈല്‍ ഫോണ്‍ ചെലവ് തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാകും വില സൂചികയിലെ മാറ്റം. രാജ്യം പണപ്പെരുപ്പ സമ്മര്‍ദത്തിേലയ്ക്ക് പോകുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലെ ഭക്ഷ്യ ഉല്‍പ്പന്ന വിലക്കയറ്റം 8.17 ശതമാനമാണ് രേഖപ്പെടുത്തിയത്.