നിലയ്ക്കാത്ത പോരാട്ടങ്ങൾ; നൂറിന്റെ നിറവിലേക്ക് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം

ഇന്ത്യന്‍ കമ്യൂണിസത്തിന്‍റെ ചെങ്കൊടിത്തിളക്കത്തിന് നാളെ നൂറിന്‍റെ നിറവ്. സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം അജന്‍ഡയിലില്ലെന്നും ജനകീയ സമരങ്ങള്‍ ശക്തമാക്കി അടിത്തറ വിപുലമാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൂറു വയസായിട്ടില്ലെന്ന് വാദിക്കുന്ന സിപിഐയോട് ചരിത്രരേഖകള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നാണ് യച്ചൂരിയുടെ മറുപടി.

1920 ഒക്ടോബര്‍ 17ന് താഷ്ക്കന്‍റില്‍ ഇന്ത്യന്‍ വിപ്ലവകാരികള്‍ യോഗം ചേര്‍ന്ന് ആദ്യ കമ്യൂണിസ്റ്റ് ഘടകം രൂപീകരിച്ചു. എം.എന്‍ റോയ് മുന്‍കൈയെടുത്ത്. തുടര്‍ന്ന് നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ കമ്യൂണിസ്റ്റ് കര്‍മപരിപാടി വിതരണം ചെയ്തു. ലക്ഷ്യം പൂര്‍ണസ്വരാജാണെന്ന് പ്രഖ്യാപിച്ചു. 1925 ഡിസംബര്‍ 26ന് കാണ്‍പുരില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഒന്നിച്ചു. പ്രസ്ഥാനം പിറന്നത് 1920ലെന്ന് സിപിഎമ്മും 25ലെന്ന് സിപിഐയും വാദിക്കുന്നു.

നിലയ്ക്കാത്ത പോരാട്ടങ്ങളും അധികാരത്തിന്‍റെ ഉദയാസ്തമയങ്ങളും കണ്ട ഇന്ത്യന്‍ ഇടതുപക്ഷം അതിജീവനത്തിനായി പാടുപെടുകയാണ്. കേരളം മാത്രമാണ് പ്രതീക്ഷയുടെ തുരുത്ത്. 

ഇടതുപാര്‍ട്ടികള്‍ ലയിച്ച് ഒന്നായി ആയുസ് നീട്ടുകയെന്ന പരിഹാരം ആലോചനയിലില്ലെന്ന് സിപിഎം തീര്‍ത്തു പറയുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവശേഷിക്കുന്ന ചുവപ്പ് ചോര്‍ന്നുപോകാതെ കാക്കുകയെന്ന ചരിത്ര ദൗത്യമാണ് നേതൃത്വത്തിനും അണികള്‍ക്കുമുള്ളത്.