കമ്മ്യൂണിസ്റ്റ് ക്യൂബ ഇനിയെന്തുചെയ്യും? കിറ്റ് അവിടെ ഏല്‍ക്കില്ല..!

ഈ പോളണ്ടിന് ഇതെന്തുപറ്റി. പണ്ട് നാം ചോദിച്ചിട്ടുണ്ട്. ഇനി ചോദിക്കാം: ഈ ക്യൂബയ്ക്ക് എന്തു പറ്റി.  സോവിയറ്റ് റഷ്യയും പോളണ്ടും പോയതോടെ കേരളം കഴിഞ്ഞാല്‍  പ്രതീക്ഷയുടെ ചുവപ്പുതുരുത്തുകള്‍ ക്യൂബയും ചൈനയും വെനസ്വേലയുമാണ്. പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് പണ്ടേതോ മഹാന്‍ പറഞ്ഞത് അനുസരിക്കുന്നു. ചൈനയിലും നോര്‍ത്ത് കൊറിയയിലും അല്ലെങ്കിലും ഒന്നും മിണ്ടാന്‍ അവകാശമില്ല. പിന്നെ ബാക്കി നമുക്ക് വികാരം കൊള്ളാനുള്ളത് ലാറ്റിന്‍ അമേരിക്കയാണ്.  അര്‍ജിന്റീനയും ബ്രസീലും മുതല്‍ ക്യൂബയും വെനസ്വേലയും വരെ കേരളത്തില്‍ ആവേശം കൊള്ളാനും അടികൂടാനുമുള്ള ഓരോരോ കാരണങ്ങളാണ്. ഫുട്ബോളായാലും രാഷ്ട്രീയമായാലും. വിഡിയോ കാണാം.   

ക്യൂബയ്ക്ക് എന്തുപറ്റി. ദക്ഷിണ ഏഷ്യയില്‍ ആദ്യം വാക്സീന്‍ ഉല്‍പാദിപ്പിച്ചെന്നു പറയുന്ന ഇന്ത്യയെപ്പോലെ തന്നെ ലാറ്റിന്‍ അമേരിക്കയിലെ ആദ്യം വാക്സീന്‍ ഉല്‍പാദിപ്പിച്ച രാജ്യം. ഇന്ത്യയില്‍ തദ്ദേശീയ വാക്സീന്‍  ഒന്നെങ്കില്‍ ക്യൂബയില്‍ അത് നാലാണ്. കേരളത്തിലെപ്പോലെ തന്നെ ആരോഗ്യപരിചരണവും വിദ്യാഭ്യാസവും സൗജന്യം. നമ്മുടെ ടീച്ചറമ്മയേക്കാള്‍ മുന്‍പേ ലോകമറിഞ്ഞ കമ്യണിസ്റ്റുകാരനായ ഡോക്ടറാണ് ചെഗുവേര. പി.കെ.ശ്രീമതി ടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ക്യൂബയില്‍ പോയി വന്ന് നമ്മുടെ വട്ടിയൂര്‍ക്കാവില്‍ ക്യൂബന്‍ മോഡല്‍ ചികില്‍സാരീതി പോലും നടപ്പാക്കി.  കോവിഡിന്റെ ആദ്യകാലത്ത് കേരളത്തെപ്പോലെ തന്നെ ക്യൂബയും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളം മഹാരാഷ്ട്രയിലെ അന്ധേരിയിലേക്കു മാത്രമാണ് ഡോക്ടര്‍മാരെ അയച്ചതെങ്കില്‍ ക്യൂബയിലെ ഡോക്ടര്‍മാര്‍ അറ്റ്ലാന്‍റിക്കും കടന്ന് ഇറ്റലിയിലെത്തി. അറുപതോളം രാജ്യങ്ങള്‍ കോവിഡ് കാലത്ത് ഇവരുടെ സേവനത്തിന്റെ ഹൃദയതാളമറിഞ്ഞു. പിന്നെന്തു പറ്റി. 

സ്വന്തം നാട്, അല്ലെങ്കില്‍ മരണം – നാം മറികടക്കും. ക്യൂബയുടെ ദേശീയ മുദ്രാവാക്യം ആണിത്. ഇപ്പോള്‍ സമരക്കാര്‍ അതൊന്നു മാറ്റി. ‘സ്വന്തം നാടും ജീവിതവും’ എന്നാക്കി. കോവിഡ്കാലത്ത് ജീവിതത്തിന്റെ വില തിരിച്ചറിഞ്ഞവരുടെ ശബ്ദമാണിത്. മൂന്നു പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു സമരചരിത്രം കേട്ടിട്ടില്ല, കണ്ടിട്ടില്ല. തകര്‍ന്ന സമ്പദ് വ്യവസ്ഥയും കോവിഡ് ൈകകാര്യം ചെയ്ത രീതിയുമാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 60 വര്‍ഷം മുന്‍പ് കമ്യൂണിസ്റ്റ് ഭരണം വന്ന നാള്‍ മുതല്‍ അമേരിക്കയും കൂട്ടാളികളും ഒളിഞ്ഞും തെളിഞ്ഞും ഈ ദ്വീപുരാജ്യത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഫിദല്‍ കാസ്ട്രോയുടെ താടി മുതല്‍ അവര്‍ക്ക് പ്രശ്നമായിരുന്നു. ആരോഗ്യമേഖലയില്‍ വരെ ഉപരോധം. എന്നിട്ടും ക്യൂബ തളര്‍ന്നില്ല. ആളോഹരി നോക്കിയാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ക്യൂബയിലുണ്ട്. ജീവിതദൈര്‍ഘ്യവും കൂടുതലാണ്. കോവിഡിന് വാക്സീന്‍ വികസിപ്പിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ കൂട്ടായ്മയില്‍ പോലും ക്യൂബ പങ്കാളിയല്ല. പക്ഷേ അവര്‍ തദ്ദേശീയമായി വാക്സീന്‍ വികസിപ്പിച്ചു. സൊബറാന, അബ്ദല എന്ന പേരുകളില്‍ രണ്ട് വാക്സീനുകള്‍ വിപണിയിലിറങ്ങി. മൂന്നെണ്ണം പരീക്ഷണഘട്ടത്തിലാണ്. രാജ്യത്തെ ഒരു കോടിയില്‍ ജനങ്ങളില്‍ 15 ലക്ഷത്തിനും വാക്സീന്‍ നല്‍കിക്കഴിഞ്ഞു. സ്വന്തം രാജ്യത്തെ വാക്സീന്‍ ആദ്യമേ സ്വീകരിച്ച കുട്ടിയായതില്‍ ഗബ്രിയേല്‍ ഗാര്‍സ്യയ്ക്ക് അഭിമാനമാണ്. 

‘ഹവാനയില്‍ രോഗികളുടെ എണ്ണം കുറയുന്നുണ്ട്, പക്ഷേ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ എല്ലാം മാറിമറിയാം, സ്ഥിതി മോശമാവാം..’ ദൈവ വിശ്വാസിയല്ലെങ്കിലും മാനുവലിന്റെ വാക്കുകള്‍ പ്രവചനമായി സ്ഥിതി ശരിക്കും മോശമായി. തുടക്കം കടകളിലെ നീണ്ട വരികളില്‍ കണ്ടു.  കഴിഞ്ഞവര്‍ഷം അവശ്യവസ്തുക്കളുടെ ക്ഷാമമായിരുന്നു പ്രശ്നം. ഇപ്പോഴത് വിലയാണ്. ക്യൂബന്‍ പൈസയായ പെസോയുടെ മൂല്യം കുറഞ്ഞപ്പോള്‍ പണപ്പെരുപ്പം ഇരട്ടയക്കത്തിലായി. കേരളത്തിലെപ്പോലെ തന്നെ ഒറ്റമൂലി അവിടെയും പ്രയോഗിച്ചു. പെന്‍ഷനും ശമ്പളവും അഞ്ചിരട്ടി വരെ കൂട്ടി. വിലനിയന്ത്രണം പ്രഖ്യാപിച്ചു. ഫലമുണ്ടായില്ല. 75 രൂപ വിലയുള്ള പാചകയെണ്ണയ്ക്ക് 250 രൂപയായി. സര്‍ക്കാര്‍ നാലു രൂപയ്ക്കു നല്‍കിയ പാല്‍പ്പൊടി ജനം കരിഞ്ചന്തയില് 450 രൂപയ്ക്കു വിറ്റു.  

കോവിഡ്, ട്രംപ് തുടങ്ങി പല കാരണങ്ങളുണ്ട്. 1962ല്‍ തുടങ്ങിയ ഉപരോധം കടുപ്പിച്ചത് ട്രംപ് ആണെന്നതാണ് കാരണം. ഉപരോധത്തോളം പഴക്കമുണ്ട് രാജ്യാന്തരതലത്തിലുള്ള എതിര്‍പ്പിനും. ക്യൂബയുടെ മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന പ്രമേയം വന്‍ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ ജൂണ്‍ 17ന് ഐക്യരാഷ്ട്രസഭ പാസാക്കിയത്. 184 വോട്ടുകള്‍ പ്രമേയത്തെ പിന്തുണച്ചു ലഭിച്ചു. എതിര്‍പ്പ് രണ്ട് വോട്ടിലൊതുങ്ങി. ഫലമുണ്ടായില്ലെന്നു മാത്രം. കഴിഞ്ഞ 28 വര്‍ഷമായി ഇതേപോലെ എത്ര പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭ പാസാക്കിയിരിക്കുന്നു. കേരളത്തിലേതുപോലെ ഐക്യകണ്ഠ്യേന അല്ലെന്നു മാത്രമേയുള്ളൂ. പക്ഷേ, ഫലം ഒന്നാണ്. പ്രമേയത്തില്‍ ഫലമില്ലെന്നറിഞ്ഞ ജനം തെരുവിലിറങ്ങി.  അവര്‍ പൊലീസിനെ ആക്രമിച്ചു. കടകള്‍ കൊള്ളയടിച്ചു. സ്വാതന്ത്രം, ജന്മനാട്, ജീവിതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി. തികച്ചും മര്യാദകെട്ട പ്രതികരണമെന്ന് പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേല്‍  പ്രതികരിച്ചു. കാരണം അടുത്തകാലത്തെങ്ങും ക്യൂബ ഇങ്ങനെയൊരു പ്രതിഷേധം കണ്ടിട്ടില്ല.  

അമേരിക്കയാണ് എല്ലാത്തിനും പിന്നിലെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. സാമ്പത്തിക ശ്വാസംമുട്ടിക്കലിനു പുറമേ ചില പ്രതിവിപ്ലവകാരികളെ ഉപയോഗിച്ച് അമേരിക്ക വംശഹത്യ നടത്തുകയാണെന്നുവരെ കനേല്‍ ആരോപിച്ചു. ഫെയ്സ്ബുക്കും വാട്സാപ്പും നിരോധിച്ചു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരളത്തിലെ ഡിവൈഎഫ്ഐയ്ക്കു സമാനമായ സംഘത്തെ പ്രതിവിപ്ലവകാരികളെ നേരിടാന്‍ ഇറക്കിവിട്ടു. ഇപ്പോഴും പലയിടത്തും സംഘര്‍ഷമാണ്. പ്രതിഷേധം പടരുന്നുമുണ്ട്. വെനസ്വേലയിലെ പ്രതിപക്ഷം മാത്രമല്ല അമേരിക്കയിലെ ക്യൂബന്‍ വംശജര്‍ വരെ കനേലിന്റെ ഭരണത്തെ എതിര്‍ത്ത് രംഗത്തെത്തി. മിയാമി എക്സ്പ്രസ് ഹൈവേ അവര്‍ മണിക്കൂറുകള്‍ ഉപരോധിച്ചു. ലാറ്റിന്‍ അമേരിക്കയിലും രണ്ട് ചേരിയിലായി. മെക്സിക്കോ പ്രസിഡന്റ് അമേരിക്കയെ വിമര്‍ശിച്ചപ്പോള്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ക്യൂബ അനുവദിക്കണമെന്നായിരുന്നു ചിലെ, പെറു പ്രസിഡന്റുമാരുടെ നിലപാട്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്ന നയം തുടരുന്ന അമേരിക്ക പരമാവധി വെള്ളം കലക്കാന്‍ ശ്രമിക്കുകയുമാണ്.  

സ്വന്തമായി രണ്ട് വാക്സീനുള്ള, ഇനി രണ്ടെണ്ണം കൂടി വരാനിരിക്കുന്ന ക്യൂബ ഇപ്പോഴത്തെ പ്രതിസന്ധിക്ക് എന്ത് മറുമരുന്ന് പ്രയോഗിക്കുമെന്നറിയില്ല. റേഷന്‍ കിറ്റ് മാത്രം അവിടെ പരിഹാരവുമല്ല. മനസിലാക്കി കളിച്ചാല്‍ മതിയെന്ന് ക്യൂബയിലെ സമരക്കാരോടു പറയാന്‍ അവിടെ ഭരിക്കുന്നത് പിണറായിയുമല്ല. നെഞ്ചത്ത് ചെഗവേരയെ പച്ചകുത്തി, വീട്ടില്‍ ചെഗവേര സ്റ്റാര്‍ സൂക്ഷിച്ച് ക്വട്ടേഷനും കള്ളക്കടത്തും നടത്തി പണമുണ്ടാക്കാനും അവിടെ സഖാക്കള്‍ക്ക് കഴിയില്ല. പക്ഷേ, ചൈനയും വിയറ്റ്നാമും മാതൃകയായാല്‍ മതിയായിരുന്നു, ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ക്യൂബയില്‍ മാത്രം ഇല്ലെന്നാണ് അവിടെ പോയിട്ടുള്ളവര്‍ പറയുന്നത്. കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ക്യൂബ മുകുന്ദന്‍ പോലും പോയത് ദുബായിലേക്കല്ലേ..!