സാരിക്കായി കത്തെഴുതിയത് ഞങ്ങളറിഞ്ഞില്ല; വാങ്ങാൻ പോയിട്ടുമില്ല: ഇഎംഎസിന്റെ മകൾ

"ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം" - എന്ന് കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഇ.എം.എസ് കത്തെഴുതിയിട്ടുണ്ടെന്ന് വിടി ബല്‍റാം ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് കാര്‍ നല്‍കുന്ന വിഷയത്തിലാണ് ബല്‍റാം ഇ.എം.എസിന്റെ കത്ത് പ്രതിപാദിച്ച് കുറിപ്പിട്ടത്. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നും ബല്‍റാം കുറിച്ചു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇ.എം.എസ്സിന്റെ മകളുടെ സുഹൃത്തും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഡോക്ടർ ഷാഹിദ കമാല്‍. ഇ.എം.രാധ തന്നോട് പങ്കുവെച്ച കാര്യങ്ങൾ എന്ന രീതിയിലാണ് ഷാഹിദയുടെ കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം: 

എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ?........ മകൾ എന്ന നിലയിൽ വല്ലാത്ത വിഷമം

ഇത് സഖാവ് EMS ന്റെ മകൾ ശീമതി. EM രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവർത്തക. 

ഇപ്പോൾ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ EMS ഒന്നും കാണാൻ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.

മിക്കവാറും ഒരുമിച്ചാണ് ഞങ്ങൾ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കൽ പോലും ഉപയോഗിക്കാൻ പാടില്ലായെന്ന കർശന നിർദ്ദേശത്തിൽ വളർത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞിരുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങൾക്ക് സാരി വാങ്ങാൻ കത്തെഴുതിയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാൻ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ ....

വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകൾ എന്ന നിലയിൽ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട.

ചില അല്പൻമാർ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവർ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നൽകിയാൽ മതി.