കമ്യൂണിസം: കട്ടന്‍ ചായയും പരിപ്പുവടയുമില്ലാതെ യച്ചൂരി ലൈന്‍: രസികത്തം

ഊഷ്മളമാണ് സീതാറാം യച്ചൂരിക്കൊപ്പമുള്ള നേരങ്ങള്‍. അത്തരമൊരു അനുഭവം എഴുതുന്നു മനോരമ ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ബി.അനൂപ്

കടന്നുപോയത് കാള്‍ മാര്‍ക്സിന്‍റെ ഇരുനൂറാം ജന്മദിനം. മാര്‍ക്സിസത്തിന്‍റെയും കമ്യൂണിസത്തിന്‍റെയും സമകാലിക പ്രസക്തിയെക്കുറിച്ച് രാജ്യതലസ്ഥാനത്തെ സംവാദ സദസ്. ഇത്രയും പറയുമ്പോള്‍ മലയാളിയുടെ മനസില്‍ ഒാടിയെത്തുന്ന ഒരു പരമ്പരാഗത ചിത്രമുണ്ട്. കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് കടിച്ചാല്‍പ്പൊട്ടാത്ത വാക്കുകള്‍ അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും പറന്നുനടക്കുന്ന ഒരു ഘനഗംഭീര സദസ്. മൂലധനവും ബൂര്‍ഷ്വാസിയും വര്‍ഗസമരവും പെരിസ്ട്രോയിക്കയും.

ആസ്ഥാന ബുദ്ധിജീവികള്‍ക്കിടയില്‍ അന്തവും കുന്തവുമില്ലാതെയിരിക്കുന്ന 'സന്ദേശ'ത്തിലെ സഖാവ് ഉത്തമനെപ്പോലുള്ളവര്‍. പക്ഷെ, ഡല്‍ഹിയിലെ സംവാദവേദി ഇങ്ങിനെയായിരുന്നില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പതിവ് മാറ്റിപ്പിടിച്ചു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണല്ലോ മാര്‍ക്സ് മതം. 

യച്ചൂരി തുടങ്ങിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലായിരുന്നു. ‘മാര്‍ക്സിസത്തെക്കുറിച്ച് ബദ്ധശ്രദ്ധനാവുക എന്നതാണ് മാക്സിനെ ആദരിക്കുക എന്നതിനേക്കാള്‍ പ്രധാനം’ എന്ന അമര്‍ത്യ സെന്നിന്‍റെ വാചകം ഉദ്ധരിച്ചു. മാര്‍ക്സിസമെന്നത് ആശയങ്ങളുടെ സംഘട്ടനമാണെന്ന് യച്ചൂരി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി നടന്ന പോരിനെയാണോ യച്ചൂരി ഉദ്ദേശിച്ചത്. ഏതായാലും ആ സംഘട്ടനത്തില്‍ യച്ചൂരിക്കായിരുന്നല്ലോ താല്‍ക്കാലിക ജയം. പിന്നെ നര്‍മ്മത്തിലേക്ക് വഴിമാറി യച്ചൂരി ലൈന്‍. ഫുള്‍ ഫോമില്‍. 

ഒന്ന്

ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നേതാവ് എന്നാണ് സ്വാഗതപ്രാസംഗികന്‍ യച്ചൂരിയെ വിശേഷിപ്പിച്ചത്. പിന്നെ പ്രസിഡന്‍റ്സ് എസ്റ്റേറ്റ് സ്കൂളില്‍ പഠിച്ചതും അഖിലേന്ത്യേതലത്തില്‍ ഒന്നാം റാങ്ക് നേടിയതും സെന്‍റ് സ്റ്റീഫന്‍സിലും ജെഎന്‍യുവിലും ഉന്നതപഠനം പൂര്‍ത്തിയാക്കിയതും ഉള്‍പ്പെടെ യച്ചൂരിയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ ഒാരോന്നായി സ്വാഗതപ്രാസംഗികന്‍ പറഞ്ഞിരുന്നു. ഏറെ കുപ്രസിദ്ധി നേടിയവര്‍ക്കും ആമുഖങ്ങള്‍ ആവശ്യമില്ല. അതല്ലല്ലോ ഉദ്ധേശിച്ചത് എന്നായി യച്ചൂരി.

രണ്ട് 

മഹാതിര്‍ മുഹമ്മദ് അട്ടിമറി വിജയം നേടി മലേഷ്യയുടെ ഭരണാധികാരിയായപ്പോള്‍ ആദ്യം തോന്നിയ വിഷമം ഇതായിരുന്നു. ഞങ്ങളുടെ വിഎസ് അച്യുതാനന്ദന്‍റെ റെക്കോര്‍ഡ് പുള്ളി മറികടന്നല്ലോ! (വി.എസ് അച്യുതാനന്ദന്‍ 82ാം വയസില്‍ കേരള മുഖ്യമന്ത്രിയായപ്പോള്‍ മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ ഭരണാധികാരിയാകുന്നത് 92ാം വയസില്‍. പ്രശ്നം സൈദ്ധാന്തികമായിരുന്നില്ല. പ്രായത്തിന്‍റെ റെക്കോര്‍ഡ് തിരുത്തപ്പെട്ടതാണ് യച്ചൂരിയെ വിഷമിപ്പിച്ചത്.)

മൂന്ന്

അമേരിക്കന്‍ ഭരണാധികാരിയോട് ലോകം ചോദിച്ചു

ചോദ്യം: നിങ്ങള്‍ എന്തിനാണ് ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയത്?

ഉത്തരം: അവരുടെ കൈയില്‍ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് പറഞ്ഞ്. അവരുടെ കൈയില്‍ മാരകായുധങ്ങള്‍ ഇല്ലായിരുന്നു എന്നത് മറ്റൊരു വസ്തുത. പക്ഷെ ലോകത്തെ അങ്ങിനെ വിശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 

ചോദ്യം: അപ്പോള്‍ സിറിയയെ ആക്രമിച്ചത് ?

ഉത്തരം: ഇതേ കാരണം പറഞ്ഞുതന്നെ. ആക്രമണം ഇനിയും തുടരും.

ചോദ്യം: ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്?

ഉത്തരം: ഇതേ കാരണം പറഞ്ഞുതന്നെ

ചോദ്യം: അപ്പോള്‍ എന്തുകൊണ്ടാണ് ഉത്തരകൊറിയയെ ആക്രമിക്കാത്തത്?

അമേരിക്കയുടെ ഉത്തരം: തലയ്ക്ക് വട്ടുണ്ടോ... അവന്മാരുടെ കയ്യില്‍ ശരിക്കും മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുണ്ട്.

ഇങ്ങിനെയാണ് അമേരിക്ക ലോകത്തെ ചൂഷണം ചെയ്യുകയും അധീനതയിലാക്കുകയും ചെയ്യുന്നതെന്ന് യച്ചൂരിയുടെ ഗുണപാഠം

നാല്

ഈ ഫലിതം എസ്.എഫ്.െഎ കാലത്ത് പഠന ക്ലാസുകളില്‍ പറഞ്ഞിരുന്നതാണ്. 

സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ ബഹിരാകാശ ഗവേഷണ മല്‍സരം നടക്കുന്ന കാലം. സോവിയറ്റ് യൂണിയന്‍ സ്പുട്നിക് എന്ന ആളില്ലാപേടകം ബഹിരാകാശത്തേയ്ക്ക് അയച്ചു. യൂറി ഗാഗറിന്‍ ബഹിരാകാശത്ത് പോയി. അമേരിക്കയ്ക്ക് കുരുപൊട്ടി. ചന്ദ്രനിലേക്ക് ഉടന്‍ ആളെ അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡി പ്രഖ്യാപിച്ചു. എല്ലാം ഒാക്കെ. പക്ഷെ, ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ബഹിരാകാശത്ത് എഴുതാവുന്ന മഷിയുള്ള പേനയാണ് പ്രശ്നം. സോവിയറ്റ് യൂണിയന് ഒന്നും ബാക്കിവെയ്ക്കാതെ വിവരങ്ങളെല്ലാം ബഹിരാകാശത്ത് എഴുതിയെടുക്കണമെന്ന വാശിയായിരുന്നു. തോറ്റുകൊടുക്കാന്‍ പറ്റില്ലല്ലോ! ബഹിരാകാശത്ത് എഴുതാവുന്ന പേനയ്ക്കായി കോടികള്‍ പൊടിച്ചുള്ള ഗവേഷണം. എന്നാലും പരാജയമായിരുന്നു ഫലം. സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്ത് എഴുതാന്‍ എന്താണ് ഉപയോഗിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ ചാരസംഘടനയായ സിെഎഎയോട് കെന്നഡി ആവശ്യപ്പെട്ടു. കോടികള്‍ ചെലവിട്ടുള്ള രഹസ്യമിഷന്‍. ഒടുവില്‍ ആ മഹാരഹസ്യം കണ്ടെത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയെ അറിയിച്ചു. ബഹിരാകാശത്ത് എഴുതാന്‍ സോവിയറ്റ് യൂണിയന്‍ ഉപയോഗിക്കുന്നത് –"വെറും പെന്‍സിലാണ്''

(ഇത് കേള്‍ക്കുമ്പോള്‍ ത്രീ ഇഡിയറ്റ്സ് സിനിമ ഒാര്‍മ്മവരുന്നുണ്ടാകാം. സിനിമയുടെ തിരക്കഥാകൃത്ത് ഞങ്ങളുടെ തലമുറയില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം.)

"നിങ്ങള്‍ ചൈന ചായ്‍വുകാരാണോ?''

സിപിഎമ്മിന് താല്‍പര്യം സോവിയറ്റ് യൂണിയനോടാണോ ചൈനയോടാണോ? എല്ലാവരും ചോദിക്കുന്നതാണ്. ഏഷ്യയിലെ രോഗിയെന്ന് വിശേഷിപ്പിക്കപ്പെട്ട ചൈന സാമ്പത്തിക ശക്തിയായത് കമ്യൂണിസമാണ് ശരിയെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണെന്നാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് പറഞ്ഞത്. വികസനത്തിന് മുതലാളിത്തം വേണമെന്നത് മിഥ്യാധാരണയാണ്. കമ്യൂണിസത്തിലൂടെയും വികസനം നേടാം. ഇനി ചൈനയോ? സോവിയറ്റ് യൂണിയനോ ? എന്ന ചോദ്യം. സിപിഎമ്മുകാരെ സാഹസികരെന്നാണ് സോവിയറ്റ് യൂണിയന്‍ വിളച്ചത്. ഞങ്ങള്‍ പിന്തിരിപ്പന്‍ മൂരാച്ചികളാണെന്ന് ചൈന കുറ്റപ്പെടുത്തി. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കമ്യൂണിസം പ്രയോഗിക്കേണ്ടത്. ഞങ്ങള്‍ സോവിയറ്റ് യൂണിയന്‍ അനുകൂലികളോ ചൈന അനുകൂലികളോ അല്ല. ഞങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ്. 

"അല്ല സഖാവേ, എന്തുകൊണ്ട് നമ്മള്‍ തോറ്റു''

ബംഗാളില്‍ മുപ്പത്തിനാല് വര്‍ഷത്തെയും ത്രിപുരയില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെയും ഇടതുഭരണം എങ്ങിനെ അവസാനിച്ചു. തോല്‍വിയെക്കുറിച്ച് ഞങ്ങള്‍ വിശദമായി പഠിച്ചിട്ടുണ്ട്. വലിയ റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. തോല്‍വിക്ക് പല കാരണങ്ങളുണ്ടെങ്കിലും ഇതില്‍ പ്രധാനം ഒന്നാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു. ജനാധിപത്യത്തില്‍ അത് സ്വാഭാവികമാണ്. അപ്പനപ്പൂന്മാരായിട്ട് സിപിഎമ്മിന് വോട്ടുചെയ്തുവന്നപ്പോള്‍ പുതുതലമുറയ്ക്ക് തോന്നി ഒന്നുമാറ്റി കുത്തിയാലോയെന്ന്. ഞങ്ങള്‍ അത് തിരിച്ചറിയേണ്ടതായിരുന്നു.

വാല്‍ക്കഷ്ണം: ഇന്ത്യ ഒരിക്കലും സോഷ്യലിസ്റ്റ് രാജ്യമായിരുന്നില്ല. സോഷ്യലിസ്റ്റ് രാജ്യമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും. സോഷ്യലിസമെന്ന് പേരും മുതലാളിത്ത പ്രയോഗവും. നമ്മുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ 1944 ല്‍ ബോംബേ പ്ലാന്‍ അനുസരിച്ച് സ്ഥാപിച്ചത് ഇന്ത്യയിലെ പത്ത് കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയായിരുന്നു. ഇന്ത്യയില്‍ യഥാര്‍ഥ സോഷ്യലിസമുണ്ടായിരുന്നെങ്കില്‍ ഞാന്‍ കേന്ദ്ര ഭരണത്തിലോ, രാഷ്ട്രപതിഭവനിലോ ഉണ്ടായിരുന്നേനേ.