പുത്തൻ ഉണർവോടെ പൈതൃകകേന്ദ്രങ്ങൾ; പ്രതീക്ഷയുടെ മിഴി തുറന്ന് ലെൻസുകൾ

രാജ്യതലസ്ഥാനത്തെ പൈതൃകകേന്ദ്രങ്ങള്‍ ഒരിടവേളയ്‍ക്ക് ശേഷം സജീവമാകുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന കൂട്ടരാണ് ഫോട്ടോഗ്രാഫര്‍മാര്‍. പൈതൃകകേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ ക്യാമറകളില്‍ പകര്‍ത്തി ജീവിക്കുന്ന നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ലോക ടൂറിസം ദിനത്തില്‍ കോവിഡിന് മുന്‍പുള്ള കാലത്തിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഇവര്‍.

ഈ നിമിഷം എന്നെന്നും സൂക്ഷിക്കാന്‍ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുക്കുന്നവര്‍. എത്ര നിരസിച്ചാലും നമ്മളെ  ഫ്രെയിമിലാക്കാന്‍ പിന്തുടരുന്നവര്‍. കോവിഡ് കാലത്ത് തൊഴില്‍നഷ്ടപ്പെട്ട് നാടുകളിലേക്ക് മറഞ്ഞ രാജ്യതലസ്ഥാനത്തെ പൈതൃകകേന്ദ്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ ലെന്‍സുകള്‍ വീണ്ടും മിഴിതുറക്കുകയാണ്. 

ഹരിയാനയിലെ പാണിപ്പത്തില്‍ നിന്നുള്ള റിസ്വാന്റെ കാലുകള്‍ക്ക് വേഗത കൂടുകയാണ്. വെളിച്ചം പോകുന്നതിന് മുന്‍പ് പരമാവധി ആളുകളെ ക്യാമറയില്‍ പകര്‍ത്തണം. മൊബൈല്‍ ക്യാമറകള്‍ ഉള്ളംകൈയ്യിലേക്ക് വന്നതോടെ ഒന്നു പോസ് ചെയ്യാന്‍ പലരും വിസമ്മതിക്കുന്നുണ്ട്. ചിലര്‍ ഫ്രെയിമിലാകാന്‍ തയാറാകും. മുപ്പത് രൂപയാണ് ഒരു ഫോട്ടോയ്‍ക്ക്. ലോക്ഡൗണിന് മുന്‍പ് ഒരുദിവസം 1000 രൂപ വരെ കിട്ടിയിരുന്നു. ഇന്ന് 250 രൂപ തന്നെ കഷ്ടി.