ഷുഹൈബ് ബെംഗളൂരു സ്ഫോടന കേസ് പ്രതി; തടിയന്റവിട നസീറുമായി ബന്ധമെന്ന് സംശയം

ബംഗളൂരു സ്ഫോടന പരമ്പര കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ ഭീകരബന്ധം സംശയിക്കുന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. കണ്ണൂർ സ്വദേശി ഷുഹൈബിനെയും ഉത്തർപ്രദേശുകാരൻ ഗുൽ നവാസിനെയുമാണ് എൻ. ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. റിയാദിലായിരുന്ന ഇരുവരെയും നിയമ നടപടികൾ പൂർത്തിയാക്കി തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ്. ഇവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. 2008ൽ ബെംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരുമായി ബന്ധമെന്ന് സംശയിക്കുന്നുണ്ട്.

ഉത്തർപ്രദ്ദേശ് സ്വദേശിയായ മുഹമ്മദ് ഗുൽ നവാസ് ലഷ്കർ ഇ തൊയിബ അംഗമെന്നാണ് എൻ.ഐ. എ പറയുന്നത്. യു എ ഇയിൽ നിന്ന് ലഷ്കർ ഇ തൊയിബയ്ക്ക്  ധനസമാഹരണം നടത്തിയെന്ന് കാണിച്ച് 2017ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. റിയാദിലായിരുന്ന ഇരുവരെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് തിരിച്ചെത്തിച്ചത്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘമാണ്.. ഇന്ന് ബംഗളൂരുവിലെക്കും ഗുൽ നവാസിനെ എൻ. ഐ. എ സംഘം ഡൽഹിക്കും കൊണ്ടു പോകും.