ഐഎസില്‍ ചേര്‍ന്ന 22 പേര്‍ കീഴടങ്ങിയെന്ന് സൂചന; സംഘത്തില്‍ മലയാളികളും

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി വിവരം. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളി കളാണെന്നാണ് ലഭിക്കുന്ന സൂചന. 

ഈ മാസം 12 ന് അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ ഐ.സ് ഭീകരർക്കെതിരെ അഫ്ഗാൻ സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഭീകരരാണ് സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. ഇതിന്റെ തുടർച്ചയായി അഫ്ഗാനിസ്ഥാനിലെ അഛിൽ മേഖലയിൽ കീഴടങ്ങിയ സംഘത്തിലെ സ്ത്രീകളും കുട്ടികളടക്കുള്ള പത്തു പേർ മലയാളികളാണെന്നും,  ഇവർ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന  മേഖലയിൽ നിന്ന് ഐ.എസിൽ ചേർന്നവരാണെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

2016ൽ കാസർകോട് ജില്ലയിൽ നിന്നുള്ള 21 പേരാണ് ഐ.എസിൽ ചേരാനായി  രാജ്യം വിട്ടത് . മതപഠനത്തിനാണെന്ന് പറഞ്ഞ് ശ്രീലങ്കയിലേക്ക് പോയ ഇവർ അഫ്ഗാനിസ്ഥാനിൽ എത്തുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവരിൽ ചിലർ പിന്നീട് അമേരിക്കൻ ന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള സന്ദേശങ്ങളും ബന്ധുക്കൾക്ക് ലഭിച്ചു.  നിലവിൽ കീഴടങ്ങിയവരെല്ലാം വീട്ടുതടങ്കിലിലാണെന്നും പറയപ്പെടുന്നു. കീഴടങ്ങിയവരുടെ പേരടക്കമുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. എന്നാൽ  എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികളും ഈ വിഷയത്തിൽ ഒരു ഔദ്യോഗിക സ്ഥീകരണം ഇതുവരെ നൽകിയിട്ടില്ല