കോവിഡ് ഭേദമായി; മാസ്കില്ലാതെ ക്ഷേത്രത്തിൽ നൃത്തം ചെയ്ത് ബിജെപി എംഎൽഎ

കോവിഡ് ഭേദമായതിന് പിന്നാലെ മാസ്ക് പോലും ധരിക്കാതെ ക്ഷേത്രത്തിൽ നൃത്തം ചെയ്ത് ഗുജറാത്തിലെ ബിജെപി എംഎൽഎ മധു ശ്രീവാസ്തവ്. ഈ വിഡിയോ വൈറലായതോടെ എംഎൽഎ വിവാദത്തിലായി. വഡോദരയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള വിഡിയോയാണ് ചർച്ചയായത്. സ്വയം നിർമിച്ച ഗുജറാത്തി സിനിമകളിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള മധു ശ്രീവാസ്തവ്, ക്ഷേത്രത്തിനുള്ളിൽ കേൾക്കുന്ന ഭജന്റെ ഈണത്തിന് അനുസരിച്ചു നൃത്തംചെയ്യുന്നതാണു വിഡിയോയിൽ ഉള്ളത്. 

എന്നാൽ വിവാദമായിട്ടും പ്രവർത്തിയെ ന്യായീകരിച്ച് എംഎൽഎ രംഗത്തെത്തി. ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന വിഡിയോ ശരിയാണെന്നും എല്ലാ ശനിയാഴ്ചയും ഇതു ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 45 വർഷത്തിലേറെയായി പോകുന്നിടത്ത് കഴിഞ്ഞ ശനിയാഴ്ചയും പോയി. ഇത് പുതിയ കാര്യമല്ല. സർക്കാർ ഒത്തുചേരലുകൾ അനുവദിച്ചതിനാൽ ഒരു മാർഗനിർദേശവും ലംഘിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ഉത്തരവ് ഉണ്ട്. കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത സ്വകാര്യ ഒത്തുചേരലായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് അത്. ക്ഷേത്രത്തിനുള്ളിൽ മാസ്ക് നിർബന്ധമല്ലെന്നും മധു ശ്രീവാസ്തവ് പറഞ്ഞു.

ഓഗസ്റ്റ് അവസാനം കോവിഡ് പോസിറ്റീവായ മധു ശ്രീവാസ്തവ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയത്. ദീർഘകാലം എംഎൽഎയുടെ പിഎയായിരുന്ന ആൾ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.