ഇന്ത്യയില്‍ വാക്സിൻ പരീക്ഷണം നിര്‍ത്തിവച്ചിട്ടില്ല: സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു. പരീക്ഷിച്ചവരില്‍ ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്നാണിത്. ബ്രിട്ടനില്‍ നടത്തിയ പരീക്ഷണത്തിലാണ് കുത്തിവയ്പെടുത്തയാള്‍ക്ക് പാര്‍ശ്വഫലമുണ്ടായത്. വാക്സീന്‍ ഇൗ വര്‍ഷം വിപണിയിലെത്തുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഈ തിരിച്ചടി. അതേസമയം  ഓക്സ്ഫഡ്   വാക്സീന്‍ പരീക്ഷണം ഇന്ത്യയില്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് നടക്കുന്ന പരീക്ഷണങ്ങളില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി  

അവസാനഘട്ടത്തിലെ പരീക്ഷണത്തിലാണ് ഒരാളില്‍ വിപരീതഫലം കണ്ടെത്തിയത്. കമ്പനി നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുംവരെ രാജ്യാന്തര തലത്തില്‍ പരീക്ഷണം നടത്തുന്ന എല്ലാ സെന്‍ററുകളിലും പരീക്ഷണം നിര്‍ത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. വലിയതോതില്‍ പരീക്ഷണം നടത്തുമ്പോള്‍ ഇത് സാധാരണമാണെന്ന് കമ്പനി അറിയിക്കുന്നു. വ്യക്തിയിലുണ്ടായത് എന്ത് രോഗമാണെന്നും അതിന്‍റെ കാരണവും കണ്ടെത്തും ‌‌. തുടര്‍ന്ന്  സുരക്ഷിതത്വം  ഉറപ്പാക്കിയശേഷം പരീക്ഷണം വീണ്ടും തുടരുമെന്ന് കമ്പനി അറിയിച്ചു. ഇത് രണ്ടാം തവണയാണ് പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത്. ആദ്യരണ്ടുഘട്ടങ്ങളിലെ പരീക്ഷണം പൂര്‍ണവിജയമായതുകൊണ്ടുതന്നെ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന വാക്സീനാണിത്. ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ അസ്ട്രാസെകയുമായി ചേര്‍ന്ന് ഒാക്സ്ഫഡ് സര്‍വകലാശാലയാണ് വാക്സീന്‍ വികസിപ്പിക്കുന്നത്.