‘കൊറോണ പപ്പടം പോലെ പൊടിയും; ആത്മനിർഭർ 'പപ്പട'വുമായി കേന്ദ്രമന്ത്രി; ട്രോള്‍

ലോകമെങ്ങും കോവിഡ് വാക്സിൻ എന്നെത്തുമെന്ന കാത്തിരിപ്പിലാണ്. സാധ്യമായത്ര വേഗത്തിൽ വാക്സിൻ വികസിപ്പിക്കാൻ ഇന്ത്യയിലെ ശാസ്ത്രജ്ഞരും അക്ഷീണ പ്രയത്നത്തിലാണ്. അതിനിടയിലാണ് കോവിഡിനെ തുരത്താൻ എളുപ്പവഴിയുമായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി അർജുൻ മേഘ്വാൾ എത്തിയിരിക്കുന്നത്. പപ്പടം ഉപയോഗിച്ച് കൊറോണ വാക്സിനെ തവിടുപൊടിയാക്കി പൊട്ടിക്കാം എന്നാണ് മന്ത്രിയുടെ പക്ഷം.

കോവിഡിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കാൻ 'ഭാഭിജി പപ്പട്' എന്ന തന്റെ കയ്യിലുള്ള പപ്പടത്തിന് സാധിക്കുമെന്നാണ് മന്ത്രിയുടെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതിന്റെ ഭാഗമായി നിർമ്മിച്ച പപ്പടമാണിതെന്നും അദ്ദേഹം പറയുന്നു.

 മന്ത്രിയുടെ പ്രസ്താവനയ്ക്കും പപ്പടപ്പരസ്യത്തിനുമെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ ഇത്തരം പ്രസ്താവനകളിറക്കുന്നത് ആരോഗ്യസംവിധാനങ്ങളെ പരിഹസിക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.