പാലം, വാഹനങ്ങൾ, കെട്ടിടങ്ങൾ; ചെറുതല്ല ചൈനീസ് കയ്യേറ്റം; ഉപഗ്രഹചിത്രം പറയുന്നത്

ലഡാക്കിലെ ഇന്ത്യ– ചൈന എൽഎസിയുടെ ഉപഗ്രഹ ചിത്രം

ലഡാക്കിലെ ഇന്ത്യ–ചൈന തർക്കത്തിൽ അയവു വരുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിനു പിന്നാലെ ഗൽവാന്‍ താഴ്‍വരയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) ഇരുഭാഗങ്ങളിലും ചൈനീസ് കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പുതുതായി പുറത്തുവന്ന ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനീസ് സൈനികരെയും നിർമാണപ്രവർത്തനങ്ങളും കാണാനാകുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ജൂൺ 15 ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോൾ പോയിന്റ് 14 ന് സമീപത്തെ ചിത്രങ്ങളാണു പുറത്തുവന്നത്. മേയ് 22ലെ ഉപഗ്രഹ ചിത്രം പരിശോധിച്ചാൽ ഒരു ടെന്റ് മാത്രമാണു സ്ഥലത്തുള്ളത്. പട്രോൾ പോയിന്റ് 14 നു ചുറ്റും കയ്യേറ്റം നടന്നിട്ടുള്ളതായാണ് അടയാളങ്ങൾ കാണിക്കുന്നതെന്ന് അഡിഷനൽ സർവേയർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്ന റിട്ട. മേജർ ജനറൽ രമേഷ് പാദി വ്യക്തമാക്കി. വലിയ വാഹനങ്ങളുടെ സഞ്ചാരവും ചിത്രങ്ങളിൽ കാണാം. പ്രദേശത്തു വിന്യാസം തുടരാന്‍ ചൈനീസ് സൈന്യത്തിന് ഉദ്ദേശമുണ്ടാകാമെന്നും അദ്ദേഹം വിലയിരുത്തി.

എൽഎസിക്ക് ഒരു കിലോമീറ്റർ മാത്രം അകലെ ഗൽവാൻ നദിക്കു കുറുകെ ചെറുപാലങ്ങൾ നിർമിച്ചിട്ടുള്ളതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 16 ലെ ഒരു ഉപഗ്രഹ ചിത്രത്തിൽ ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ബുൾഡോസർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിനു സമീപത്താണ് ഇപ്പോൾ പാലം ശ്രദ്ധയിൽപെട്ടത്. ജൂൺ‌ 22ന് പകർത്തിയ ചിത്രത്തിൽ പാലത്തിന് അടിയിലൂടെ ഗൽവാൻ നദി വീണ്ടും ഒഴുകി തുടങ്ങിയിട്ടുണ്ട്. 

എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും ചൈന കൂട്ടിയിട്ടുണ്ട്. എന്നാൽ ഗൽവാനിലെ ഇന്ത്യയുടെ ഭാഗങ്ങളിൽ സമാനമായ നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല. ഈ പ്രദേശത്തുനിന്നും ഏകദേശം ആറു കിലോമീറ്റർ മാത്രം അകലെ ഇന്ത്യ തന്ത്രപ്രധാനമായ റോഡ് നിർമാണം പൂർത്തിയാക്കിയിരുന്നു. പ്രദേശത്തെ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിന് റോഡ് ഉപകരിക്കും. ഇതാകാം ചൈനീസ് സൈന്യത്തെ ആശങ്കയിലാഴ്ത്തിയതെന്നാണ് വിലയിരുത്തൽ.