ശ്രമിക് ട്രെയിനിൽ നിന്ന് ആഹാരപ്പൊതി പുറത്തേക്ക്; അസമിലെ പ്രളയബാധിതരോട് കനിവ്; വിഡിയോ

മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്ക് പോകുമ്പോഴും നൻമ കൈവിടാത്ത മനുഷ്യരുടെ വിഡിയോ സ്നേഹത്തോെട പങ്കിടുകയാണ്  മിസോറം മുഖ്യമന്ത്രി സോറാംതാംഗ. ശ്രമിക് തീവണ്ടിയിൽ ബീഹാറിലേക്ക് പോവുകയായിരുന്ന മിസോറം സ്വദേശികളാണ് കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകകളായി മാറിയത്.

ബെംഗളൂരിൽ നിന്ന് മിസോറാമിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ അസാമിലെ പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവർക്കു മിസോറം സ്വദേശികൾ  ആഹാരം നൽകുന്ന കാഴ്ച ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നുമിവർ ആഹാര പൊതികൾ  ദുരിതബാധിതരിലേക്കു എറിഞ്ഞുകൊടുക്കുകയായിരുന്നു. കാരുണ്യത്തിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ മിസോറം മുഖ്യമന്ത്രി സോറാംതാംഗ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. 

അതെ സമയം വിശന്നു വലയുന്ന മിസോറം സ്വദേശികൾക്കു  ബിഹാർ സ്വദേശികൾ ആഹാരം നൽകുന്ന സന്മനസ്സിന്റെയും ദയയുടെയും മറ്റൊരു കാഴ്ചയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഹാറിലെ ബെഗുസരായിൽ നിർത്തിയിട്ടിരുന്ന ശ്രമിക് തീവണ്ടിയിലുള്ള മിസോറം സ്വദേശികൾക്ക്  ബെഗുസരിയിലെ ചില നാട്ടുകാർ ആഹാരം നൽകുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്. പൊതികളിലാക്കിയാണ് ഇവർ ആഹാരം വിതരണം  ചെയ്തിരിക്കുന്നത്. ബിഹാറുകാരുടെ മനുഷ്യത്വത്തെ പ്രശംസിച്ച് കൊണ്ട് ഈ ദൃശ്യവും മിസോറം മുഖ്യമന്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.