ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ്; ആശങ്കയിൽ രാജ്യം

രാജ്യത്ത് 24 മണിക്കൂറിനിടെ 6,767 കോവിഡ് കേസുകൾ  റിപ്പോർട്ട്  ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. 147 പേർ  കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,867 ആയി. രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 1,31,868 ആണ്. ഡൽഹിയിൽ കോവിഡ് കേസുകൾ പതിമൂവായിരം കടന്നു.

പ്രതിദിന കോവിഡ് കേസുകളില് ഇന്നും റെക്കോർഡ്  വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തിയോരായിരത്തി എണ്ണൂറ്റി അറുപത്തെട്ടായി. 73560 പേരാണ് ചികിൽസയിലുള്ളത്. രോഗവ്യാപനത്തിനിടയിലും അസുഖം ഭേദമാകുന്നവരുടെ നിരക്ക് വർധിക്കുന്നതാണ് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്കുന്നത്. ഇതുവരെ 54441 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്. തൊട്ടുപിന്നില് തമിഴ്നാട്. ഗുജറാത്തിൽ മരണനിരക്ക് വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. ഡൽഹിയിൽ  ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നതാണ് പ്രധാനപ്രതിസന്ധി.

മാരുതിയുടെ മനേസർ  നിർമാണ പ്ലാന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് വാർഡുകളിൽ മൊബൈൽ ഉപയോഗം നിരോധിച്ചത്  വിവാദമായതിനു പിന്നാലെ ഉത്തരവ് യുപി സർക്കാർ പിൻവലിച്ചു. കണക്കുകൾ  ഈ വിധമെങ്കിൽ  ഈ മാസം അവസാനത്തോടെ രാജ്യത്ത് രണ്ട് ലക്ഷം രോഗികൾ  ഉണ്ടാകാം.  ജൂൺ  മാസത്തോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ  വൻ  വർധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.  കേസുകളുടെ എണ്ണം വച്ചുനോക്കുമ്പോൾ  രാജ്യത്താകെയുള്ള മരണനിരക്ക് കുറവാണ്. കോവിഡ് പരിശോധനകൾ  വർധിപ്പിച്ചതും കേസുകൾ  കൂടുതൽ  റിപ്പോർട്ട് ചെയ്യപ്പെടാൻ  കാരണമായിട്ടുണ്ട്.