ഇന്ത്യയുടെ പ്രദേശങ്ങള്‍ ചേർത്ത് നേപ്പാളിന്‍റെ ഭൂപടം; ബന്ധം കലുഷിതം

ഇന്ത്യ നേപ്പാള്‍ ബന്ധം കലുഷിതമാകുന്നു. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്ത ഏകപക്ഷീയ നടപടിയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വൈറസ് ചൈന, ഇറ്റലി എന്നിവടങ്ങളില്‍ നിന്നുള്ള വൈറസിനേക്കാള്‍ മാരകമാണെന്ന് പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പുതിയ വിവാദത്തിനും തിരികൊളുത്തി.

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത്. ഇവയുടെ നിയന്ത്രണം തിരികെ പിടിക്കാന്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നേപ്പാളിന്‍റെ ഭരണഘടന ഭേദതി ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേപ്പാളിന്‍റെ നടപടി ചരിത്ര വസ്തുതകള്‍ക്കും തെളിവുകള്‍ക്കും നിരക്കാത്തതാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്ന ധാരണ ലംഘിക്കപ്പെട്ടു. ഇന്ത്യയുടെ പരമാധികാരത്തെ ബഹുമാനിക്കാത്ത നടപടികളില്‍ നിന്ന് പിന്മാറണം. േനപ്പാളിന്‍റെ രാഷ്ട്രീയ നേതൃത്വം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇതിനിടെയാണ് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

അനധികൃതമാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വരുന്നവരാണ് കോവിഡ് പടര്‍ത്തുന്നതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വൈറസ് ചൈനീസ് വൈറസിനേക്കാളും ഇറ്റാലിയന്‍ ൈവറസിനേക്കാളും മാരകമാണെന്നും അത് കൂടുതല്‍ പേരെ രോഗബാധിതരാക്കുന്നുവെന്നും കെ.പി ശര്‍മ ഒലി പറഞ്ഞു.