പരുക്കേറ്റവരെ മൃതദേഹങ്ങൾക്കൊപ്പം ട്രക്കിൽ അയച്ച് യുപി; തുറന്നടിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

വാഹനാപകടത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ, ടാര്‍പോളിനില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കയറ്റിയ തുറന്ന ട്രക്കില്‍ത്തന്നെ പരുക്കേറ്റവരെയും നാട്ടിലേക്ക് അയച്ച ഉത്തര്‍പ്രദേശിനെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അന്തസ്സ് നശിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. ലക്‌നൗവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ഔരായിയയില്‍ ശനിയാഴ്ച രാവിലെ വാഹനാപകടത്തില്‍ പരുക്കേറ്റവരെ കയറ്റിയ ട്രക്കില്‍ തന്നെയാണ് ടാര്‍പോളിനില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഉരുകിത്തുടങ്ങിയ ഐസ് പാളികള്‍ക്കു മുകളില്‍ ‌വച്ച് കയറ്റിവിട്ടത്.

ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സോറന്‍ ട്വീറ്റ് ചെയ്തു. യുപി സര്‍ക്കാര്‍ മൃതദേഹങ്ങള്‍ ജാര്‍ഖണ്ഡ് അതിര്‍ത്തി വരെയെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ എത്തിക്കേണ്ടിയിരുന്നു. അവിടെനിന്ന് ഞങ്ങള്‍ അത് അവരുടെ ബൊക്കാറോയിലുള്ള വീടുകളില്‍ എത്തിക്കുമായിരുന്നുവെന്നും സോറന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 3.30-നായിരുന്നു ഔരായിയയില്‍ അപകടമുണ്ടായത്. 26 അതിഥി തൊഴിലാളികള്‍ മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. പഞ്ചാബില്‍നിന്നും രാജസ്ഥാനില്‍നിന്നും വന്ന വാഹനങ്ങളാണു ദേശീയപാതയില്‍ കൂട്ടിയിടിച്ചത്.

മരിച്ചവരില്‍ 11 പേര്‍ ജാര്‍ഖണ്ഡില്‍നിന്നുള്ളവരും മറ്റുള്ളവര്‍ ബംഗാള്‍ സ്വദേശികളുമായിരുന്നു. തൊട്ടടുത്ത ദിവസം അധികൃതര്‍ ഒരു തുറന്ന ട്രക്കില്‍ മൃതശരീരങ്ങള്‍ക്കൊപ്പം പരുക്കേറ്റവരെയും കയറ്റി ഇരു സംസ്ഥാനങ്ങളിലേക്കും അയയ്ക്കുകയായിരുന്നു. ഹേമന്ത് സോറന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെ പ്രയാഗ്‌രാജില്‍ ട്രക്കുകള്‍ തടഞ്ഞ് മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്കു മാറ്റി. യാത്രയ്ക്കിടെ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.