ഭാര്യ ഗർഭിണി; തുണയില്ലാതെ വീട്; നാടണയണം; പക്ഷേ കാലിൽ ലോഹദണ്ഡിന്റെ വേദന

ഒന്നര വർഷം മുൻപാണ് ഒരപകടത്തിൽ ബിഹാർ സ്വദേശി രാകേഷ് റാമിന്റെ ഇടതു കാലൊടിയുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലുമാകാത്ത നാളുകളായിരുന്നു പിന്നീട്. ഛാപ്ര ജില്ലയിലെ ശീതൾപുർ ഗ്രാമത്തിൽനിന്നുള്ള ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിച്ചെങ്കിലും കാലിൽ 12 ഇഞ്ച് നീളമുള്ള ഒരു ലോഹദണ്ഡ് ഘടിപ്പിക്കേണ്ടി വന്നു. നടത്തം എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു അത്. രണ്ടു വർഷത്തിനു ശേഷം എടുത്തുമാറ്റാവുന്ന വിധത്തിലായിരുന്നു ഘടിപ്പിച്ചിരുന്നതും. ഇതുള്ളതിനാൽത്തന്നെ ദീർഘദൂരം നടക്കാനാകില്ല രാകേഷിന്. ‘വേദനകൊണ്ടു പുളയും ഞാനന്നേരം...’ ഈ ഇരുപത്തിനാലുകാരൻ പറയുന്നു. 

ജീവിക്കാൻ വേണ്ടി ആ ലോഹദണ്ഡിന്റെ വേദനയുമായി ഒരിക്കൽ ഡൽഹിയിലേക്ക് ട്രെയിൻ കയറിയതാണ് രാകേഷ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ മെയിന്റനൻസ് യാർഡിൽ ശുചീകരണജോലി ചെയ്തായിരുന്നു ജീവിതം. ഒരു സ്വകാര്യ കോൺട്രാക്ടറുടെ കീഴിൽ ജോലി നോക്കി ഏപ്രിലിൽ ശമ്പളമായി ലഭിച്ചത് 12,000 രൂപ. അതിൽ 6000 രൂപ വീട്ടിലേക്കയച്ചു. ഡൽഹി–ഹരിയാന അതിർത്തിയിൽ കുടുങ്ങിപ്പോയ രാകേഷിന്റെ രണ്ടു സഹോദരങ്ങൾക്കും കുറച്ചു പണം അയയ്ക്കേണ്ടിവന്നു. ശീതൾപുരിലെ വീട്ടിൽ ഒരു പുതിയ അതിഥി കൂടി വരാനിരിക്കുകയാണ്. രാകേഷിന്റെ ഭാര്യയുടെ പ്രസവ തീയതി അടുത്തിരിക്കുന്നു. 

പക്ഷേ എല്ലാ മാസവും പന്ത്രണ്ടിന് എത്തിക്കൊണ്ടിരുന്ന തുക ഇത്തവണ ബിഹാറിലെ ആ ഗ്രാമത്തിലെത്തിയില്ല. ശമ്പളം ഇതുവരെ ലഭിക്കാത്തതാണു കാരണം. ലോക്ഡൗൺ കാരണം വരുമാനം കുറഞ്ഞതിനാലാകാം ശമ്പളം ലഭിക്കാൻ വൈകുന്നതെന്ന് രാകേഷ് നെടുവീർപ്പിടുന്നു. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും ഹരിയാനയിലെ ഒരു ചെരുപ്പുനിർമാണ കമ്പനിയിലെ ജീവനക്കാരായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് ഇരുവർക്കും ജോലി നഷ്ടമായി. ശ്രമിക് സ്പെഷൽ ട്രെയിനുകൾ സർക്കാർ ആരംഭിച്ചപ്പോൾ ബിഹാറിലേക്ക് യാത്രയ്ക്കു ശ്രമിച്ചെങ്കിലും അതിർത്തിയിൽ ഇരുവരെയും തടയുകയായിരുന്നു. 

ശ്രമിക് ട്രെയിനിൽ പോകാനായി ഏതാനും ദിവസം മുൻപ് രാകേഷും ഒരു ഫോം പൂരിപ്പിച്ചു നല്‍കിയതാണ്. ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഇനി രാജധാനി എക്സ്പ്രസിൽ അവസരമൊരുക്കാമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ 3500 രൂപയാണ് ബിഹാറിലേക്ക് ടിക്കറ്റ് നിരക്ക്. ശമ്പളം പോലും കിട്ടാതിരിക്കെ ഈ പണം എങ്ങനെ കണ്ടെത്തുമെന്നും രാകേഷ് ചോദിക്കുന്നു. തന്റെയൊപ്പമുള്ള മറ്റുള്ളവരുടെ അവസ്ഥയും ഇതാണ്. ചോദിച്ചാൽ കടം പോലും തരാൻ ആരുടേയും കയ്യിലില്ല. റെയിൽവേയ്ക്കു വേണ്ടി ജോലിയെടുക്കുന്നവരെയെങ്കിലും രാജധാനിയിൽ വീട്ടിലെത്തിക്കാൻ സൗകര്യമുണ്ടാക്കണം. അതെങ്കിലും അവർക്ക് ചെയ്തുതന്നുകൂടേ...? ദയനീയമായി രാകേഷിന്റെ ചോദ്യം. 

ഭാര്യയുടെ പ്രസവ തീയതി അടുത്തതും ഇദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ‘മാതാപിതാക്കൾക്കു വയസ്സായി. ഞാനോ സഹോദരങ്ങളിൽ ആരെങ്കിലുമോ വീട്ടിലുണ്ടാകേണ്ടത് അത്യാവശ്യമാണ്’. ആയിരക്കണക്കിന് കിലോമീറ്റർ താണ്ടാനൊരുങ്ങി ഒട്ടേറെ പേർ കണ്മുന്നിലൂടെ നടന്നുനീങ്ങുന്നത് ദിവസവും രാകേഷ് കാണുന്നുണ്ട്. പക്ഷേ ലോഹദണ്ഡ് സമ്മാനിച്ച വേദന കാലിലെ മാംസപേശികളെ തളര്‍ത്തുകയാണ്. കുറച്ചുദൂരം നടന്നാൽത്തന്നെ കാൽ നീരുവന്നു വീര്‍ക്കുന്ന അവസ്ഥയാണ്. ബിഹാറിൽനിന്നുള്ള ചിലർ കഴിഞ്ഞ ദിവസം വീട്ടിലേക്കു പോയപ്പോൾ ഒപ്പം വരാൻ വിളിച്ചതാണ്. ‘പക്ഷേ കൂടെ പോയാൽ അവരുടെ യാത്ര കൂടി ഞാൻ കാരണം പതിയെയാകും...’ രാകേഷ് പറയുന്നു. 

ഇതിനോടകം കയ്യിലെ കാശെല്ലാം തീർന്നു, ഉറങ്ങാനും സ്ഥലമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു കണ്ടെയ്നറിനകത്താണു താമസം. ഒപ്പം റെയിൽവേ യാഡിലെ ഏഴു പേർ കൂടിയുണ്ട്. കോൺട്രാക്ടറാണ് കണ്ടെയ്നറിൽ കഴിയാൻ അനുമതി നൽകിയത്. രണ്ടു ചെറു ജനാലകളുണ്ടതിന്, ഒരു എമർജൻസി ലൈറ്റും. ട്രെയിനുകളിലെ ശുചിമുറികളാണ് ഉപയോഗിക്കുന്നത്. റെയിൽകോച്ചുകളിലെ ടാങ്കുകളിൽ വെള്ളം നിറയ്ക്കാനുള്ള പൈപ്പ് ഉപയോഗിച്ചാണ് കുളിയും മറ്റും. അതിഥി തൊഴിലാളികളുടെ പലായനത്തിന്റെ സങ്കടക്കഥ ചുറ്റിലും നിറയുമ്പോഴും രാകേഷും സഹപ്രവർത്തകരും പക്ഷേ പ്രതീക്ഷയിലാണ്. വൈകാതെതന്നെ എല്ലാം കലങ്ങിത്തെളിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

‘പോക്കറ്റിൽ ഒരു പൈസ പോലുമില്ല ഇപ്പോൾ. ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതുതന്നെ ഭാഗ്യമാണ്.  വീട്ടിലേക്കു പോകണമെങ്കിൽ ശമ്പളം ലഭിക്കണം. അല്ലെങ്കിൽ ദുരിതം അറിഞ്ഞ് ആരെങ്കിലും സഹായിക്കണം...’ ഒഴിഞ്ഞ വയറും ആധിപിടിച്ച മനസ്സുമായി ഉറങ്ങാൻ പോകുന്ന രാത്രിയെപ്പറ്റി ആശങ്കപ്പെട്ടുതന്നെ രാകേഷ് പറയുന്നു. അപ്പോഴും ഡൽഹിയിൽനിന്നു പലായനം തുടരുകയാണ്, എന്നെങ്കിലും നാടെത്തുമെന്ന പ്രതീക്ഷയോടെ.. പൊള്ളുന്ന കാലും പെയ്യുന്ന മഴയുമൊന്നും ആർക്കുമൊരു തടസ്സമാകുന്നില്ല. അപ്പോഴും രാകേഷിനെപ്പോലുള്ളവർക്ക് ആ വലിയ കണ്ടെയ്നറിലെ ചെറുജനാലകളിലൂടെ പുറത്തു കാണുന്നതു മാത്രമാണിപ്പോൾ ലോകം...