മാസ്ക് ഇല്ല; ചൂടുവെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ... വലഞ്ഞ് നഴ്സുമാർ

ഡൽഹിയിലും മുംബൈയിലും ജോലി ചെയ്യുന്ന നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മാസ്കു പോലും ധരിക്കാതെയാണ് വാർഡുകളിൽ ജോലി ചെയ്യേണ്ടി വരുന്നതെന്ന് മലയാളി നഴ്സുമാർ വെളിപ്പെടുത്തുന്നു. പഴ്സണൽ പ്രൊട്ടക്ടീവ് കിറ്റുകളില്ല, മാസ്കില്ല, ഭക്ഷണം സമയത്തിന് കിട്ടുന്നില്ല, അധിക ജോലി.. അൽപം ചൂടുവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന് നഴ്സുമാർ തുറന്ന് പറയുന്നു. നാട്ടിലായിരുന്നുവെങ്കിലെന്ന ആത്മഗതത്തിൽ വരെ ആ നിരാശ നിഴലിക്കുന്നുണ്ട്.

എല്ലാ സൗകര്യങ്ങളുമൊരുക്കിയെന്ന് ആശുപത്രി അധികൃതർ അവകാശപ്പെടുമ്പോഴും അവശ്യ സൗകര്യം പോലും ലഭിക്കുന്നില്ലെന്ന് നഴ്സുമാർ വ്യക്തമാക്കുന്നു. എൻ–95 മാസ്കൊന്നും കാണാന്‍ പോലും ലഭിക്കുന്നില്ലെന്നും നഴ്സുമാർ കൂട്ടിച്ചേർക്കുന്നു. 

ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 7 മലയാളി നഴ്സുമാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലും കോവിഡ് ബാധിച്ച നഴ്സുമാരുടെ എണ്ണം ഉയരുകയാണ്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ ഉദാസീനത കാണിച്ചതാണ് വ്യാപനത്തിനിടയാക്കിയതെന്നും നഴ്സുമാർ പറയുന്നു.