കോവിഡ്: ഇന്ദിരാ കാന്റീൻ വഴി സൗജന്യ ഭക്ഷണം; തീരുമാനവുമായി യെഡിയൂരപ്പ സർക്കാർ

കൊറോണ വൈറസ് കോവിഡ് 19നെതിരെ വലിയ പ്രതിരോധമാണ് ഇന്ത്യ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളും അതീവജാഗ്രത പുലർത്തി മുന്നേറുകയാണ്. ജനത്തിന് അധികം ബുദ്ധിമുട്ടുണ്ടാക്കാതെ രീതിയിലാണ് പ്രതിരോധം മുന്നേറുന്നത്. ഇതിനോട് അനുബന്ധിച്ച് കർണാടക സർക്കാർ കൈകൊണ്ട തീരുമാനം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇന്ദിര കാന്റീൻ വഴി സാധാരണക്കാർക്ക് ഭക്ഷണം ലഭ്യമാക്കാനാണ് കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ലോക് ഡൌൺ മൂലം ജീവിതം വഴിമുട്ടുന്ന ദിവസവേതനക്കാർക്ക് കർണാടക സർക്കാർ ഇന്ദിര കാന്റീൻ വഴി ഭക്ഷണം നൽകും. മൂന്നു നേരം സൗജന്യ ഭക്ഷണം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ വ്യക്തമാക്കി. സർക്കാർ നടപടിയെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

സാധാരണക്കാരന് മിതമായ നിരക്കിൽ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ഇന്ദിരാ കാന്റീൻ വലിയ വിജയമായിരുന്നു. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഈടാക്കുക. ഇന്ദിരാ കാന്റീനിന്റെ പേര് മാറ്റാനും നടത്തിപ്പിൽ കഴിഞ്ഞ സർക്കാർ അഴിമതി നടത്തിയെന്നും ആരോപിച്ച് ബിജെപി സർക്കാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതേ കാന്റീൻ വഴിയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.