എലികളില്‍ നിന്ന് അടുത്ത കൊറോണ വൈറസ്; ഞെട്ടിച്ച് പഠന റിപ്പോർട്ട്

കോവിഡ് എന്ന് അവസാനിക്കും എന്ന് ഉറ്റുനോക്കുകയാണ് ലോകം മുഴുവനുമുള്ള മനുഷ്യർ. കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചെങ്കിലും പഴയ ആ സുഗമമായ ജീവിതം ഇന്ന് നമ്മുടെ സ്വപ്നമാണ്. എന്നാൽ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കൊറോണ വൈറസ് ഉൽഭവിക്കുമെന്നാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. സസ്തനി വർഗത്തിൽപ്പെട്ട മൃഗങ്ങളുടെ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്.

സാർസ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കോവിഡിന് കാരണമായത്. SARS-CoV-2 എന്ന വൈറസാണ് കോവിഡ്–19–തിന് കാരണം. ഇപ്പോഴിതാ സാർസിന് സമാനമായ വൈറസുകളുമായി ചില പ്രത്യേക ഇനത്തില്‍പ്പെട്ട എലികൾ സമ്പർക്കം പുലർത്തുന്നുവെന്നാണ് പഠനം പറയുന്നത്. എലികളിൽ നിശ്ചിത അളവിൽ പ്രതിരോധശേഷി വികസിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. 

ന്യൂ ജഴ്സിയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയുടെ മോളിക്യൂലാർ ബയോളജിസ്റ്റ് സീൻ കിംഗും കമ്പ്യൂട്ടർ സയന്റിസ്റ്റ് മോണോ സിംഗുമാണ് പഠനം നടത്തിയത്. വവ്വാലുകളിൽ സാർസ് വൈറസ് പ്രവേശിക്കുമ്പോൾ പക്ഷെ മനുഷ്യരിൽ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. ഇത്തരത്തിൽ, ലക്ഷണങ്ങൾ കാണിക്കാൻ ഇടയില്ലാത്ത, ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ള മറ്റ് മൃഗങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ചില പ്രത്യേകതരം സ്പീഷീസിൽ ഉൾപ്പെടുന്ന എലികളിൽ എത്തിനിന്നത്. അതായത് മൂഷികവർഗ്ഗമായിരിക്കും മനുഷ്യകുലത്തിന് ഭാവിയിൽ മഹാമാരികൾക്ക് കാരണമായി ഭവിക്കുക എന്നാണ് പഠന റിപ്പോർട്ട്. പഠനത്തിന്റെ മുഴുവൻ കണ്ടെത്തലുകൾ പ്ലോസ് കംപ്യൂട്ടേഷനൽ ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.