നീതിക്കായി കാത്തത് ഏഴര വർഷം; ആ നാൾ വഴികളിലൂടെ

ഏഴര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നിര്‍ഭയയ്ക്ക് നീതി ലഭിക്കുന്നത്. 2012 ഡിസംബര്‍ പതിനാറിന് രാത്രി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിര്‍ഭയ അക്രമിക്കപ്പെട്ടു. ഡിസംബര്‍ 29ന് വേദനകളുടെ ലോകത്ത് നിന്ന് അവള്‍ യാത്രയായി. 2013 സെപ്റ്റംബര്‍ 13ന് നാല് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ഇതുകഴിഞ്ഞ് ആറര വര്‍ഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. 

2012 ഡിസംബര്‍ 16. ഇന്ത്യ ഒരിക്കലും മറക്കാത്ത ദിവസം. അന്നാണ് രാജ്യമന:സാക്ഷിയെ ‍ഞെട്ടിച്ച കൊടുംക്രൂരത രാജ്യ തലസ്ഥാനത്ത് നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന നിര്‍ഭയയെന്ന 23കാരിയെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലാണ് ആറ് നരാധമന്മാര്‍ പിച്ചിച്ചീന്തിയത്. മണിക്കൂറുകള്‍ക്കകം ബസ് കണ്ടെടുത്തു. നാലുദിവസം കൊണ്ടു ആറ് പ്രതികളെയും തിരിച്ചറിഞ്ഞ് പിടികൂടി. 29ന് വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ മടങ്ങി. 2013 ജനുവരി നാലിന് ഡല്‍ഹി സാകേതിലെ അതിവേഗ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ വിചാരണ തുടങ്ങി. മാര്‍ച്ച് മൂന്നിന് മുഖ്യപ്രതി രാംസിങിനെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 31ന് കേസിലെ കുട്ടിക്കുറ്റവാളിക്ക് ജുവനൈല്‍ കോടതി മൂന്ന് വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷ നല്‍കി. സെപ്റ്റംബര്‍ 13, നാല് പ്രതികള്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വെറും ഒന്‍പത് മാസം കൊണ്ടു ചരിത്രവിധി. അഞ്ചുമാസത്തിന് അപ്പുറം 2014 മാര്‍ച്ചില്‍ ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. മൂന്നുവര്‍ഷത്തിന് ശേഷം 2017മേയില്‍ സുപ്രീംകോടതിയും വധശിക്ഷ അംഗീകരിച്ചു. പുനഃപരിശോധനാഹര്‍ജികളിലും തിരുത്തല്‍ ഹര്‍ജികളിലും തീരുമാനമെടുക്കാന്‍ പിന്നെയും വേണ്ടിവന്നു മൂന്നരവര്‍ഷം. ഒടുവില്‍ ഈ വര്‍ഷം ജനുവരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനുള്ള ആദ്യമരണവാറന്റ് പുറപ്പെടുവിക്കപ്പെട്ടു. ഇതോടെ പ്രതികള്‍ രാഷ്ട്രപതിക്ക് വെവ്വേറെ ദയാഹര്‍ജികള്‍ നല്‍കി നാലുതവണ മരണവാറന്റ് നീട്ടിവയ്‍ക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിച്ചു. പക്ഷേ രാഷ്ട്രപതിയും കനിയാതെ വന്നതോടെ നീതിദേവത വിധിച്ച ശിക്ഷ ഉയര്‍ത്തപ്പെട്ടു.