അപകടത്തിൽ കയ്യും കാലും പോയി; കൈമുട്ട് കൊണ്ട് അവൻ 12–ാം ക്ലാസ് പരീക്ഷ എഴുതും

അപകടത്തിൽ കയ്യും കാലും നഷ്ടപ്പെട്ട വിദ്യാർഥി കൈമുട്ടു കൊണ്ട് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു. വഡോദര സ്വദേശിയായ ശിവം സോളങ്കിയാണ് കൈമുട്ടുകൾ ഉപയോഗിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നത്. അപകടത്തിനു ശേഷം സോളങ്കി തന്നെയാണു കൈമുട്ടുകൊണ്ട് എഴുതാൻ പരീശീലിച്ചത്.

പതിമൂന്നാം വയസ്സിൽ ഒരപകടത്തിലാണ് സോളങ്കിയുടെ രണ്ട് കയ്യും കാലും നഷ്ടമാകുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ 81 ശതമാനം മാർക്ക് സോളങ്കി കരസ്ഥമാക്കിയിരുന്നു. പത്താം ക്ലാസിൽ നേടിയതിനേക്കാൾ മികച്ച വിജയം ഇത്തവണ കരസ്ഥമാക്കാനാകുമെന്നാണ് സോളങ്കിയുടെ പ്രതീക്ഷ. ഇതിനായി എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി വിദ്യാർഥി പറഞ്ഞു.

പഠിക്കുന്നതിനും പരീക്ഷ എഴുതുന്നതിനുമായി അധ്യാപകരും സ്കൂൾ അധികൃതരും പൂർണ പിന്തുണയാണു നൽകുന്നതെന്നാണ് ശിവം സോളങ്കിയുടെ പിതാവ് പറയുന്നത്. എന്ത് ആവശ്യം വന്നാലും അധ്യാപകർ ഓടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.